മെസ്സിയുടെ ബൂട്ടിനെ വിശ്വസിച്ച് അർജന്റിനയും മോഡ്രിച്ചിൽ പ്രതീക്ഷയർപ്പിച്ച് ക്രൊയേഷ്യയും
ദോഹ: കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം മെച്ചപ്പെടുത്തി വിശ്വകിരീടത്തിൽ കന്നി മുത്തമിടാനുള്ള പ്രയാണത്തിൽ ക്രൊയേഷ്യ, ഇനിയൊരു ലോകകപ്പിന് ബാല്യമില്ലാത്ത മെസിക്ക് കിരീടമധുരം നൽകാൻ സ്‌കലോണിയും സംഘവും. അവസാന രണ്ടിലേക്കുള്ള ആദ്യ മത്സരത്തിന് ഇന്ന് അർധരാത്രിയോടെ ദോഹ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തിലെ വിജയികൾക്ക് ഞായറാഴ്ച ഇതേ സ്‌റ്റേഡയത്തിൽ നടക്കുന്ന കലാശപ്പോരിനിറങ്ങാം.
മെസിയിൽ ആവാഹിച്ച്...
തോൽവിയോടെ തുടങ്ങിയ അർജന്റീന പിന്നീട് കാഴ്ചവച്ച മികവ് തുടർന്നാൽ സെമിഫൈനൽ കടമ്പയും അവർക്ക് അനായാസം മറികടക്കാനാവും. സൂപ്പർ താരം ലയണൽ മെസി പുലർത്തുന്ന മികവാണ് അവർക്ക് ഇവിടെവരെ കരുത്തായത്. നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും മൂന്ന് കളിയിലെ താരപ്പട്ടവുമായി സമ്പൂർണ ഫോമിൽ തുടരുന്ന മെസിയെ എങ്ങനെ പൂട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ സാധ്യതകൾ. ക്വാർട്ടറിൽ മികച്ച ഫോം പുറത്തെടുത്ത മെസി സെമി ഫൈനലിലും അതേ ഊർജത്തിൽ ഗ്രൗണ്ടിലെത്തുമെന്നുറപ്പാണ്. ഇനിയൊരു ലോകകപ്പിൽ അർജന്റീനിയൻ ജഴ്‌സിയണിയാൻ സാധ്യതയില്ലാത്തതിനാൽ തന്റെ ഏറ്റവും വലിയ മോഹം നേടാൻ അയാൾ സർവതും ഇന്ന് ഗ്രൗണ്ടിൽ നൽകും. ഇതുതന്നെയാണ് അർജന്റീനയുടെ പ്രതീക്ഷയും.
മുന്നേറ്റത്തിൽ യുവതാരം ജൂലിയൻ അൽവാരസ് പുലർത്തുന്ന മികവും മധ്യനിരയിൽ മക്കല്ലിസ്റ്ററും ഡി പോളും എൻസോ ഫെർണാണ്ടസും മെനയുന്ന കളികളിലുമാണ് അർജന്റീനയുടെ പ്രതീക്ഷകൾ. മാലാഖ പരുക്കിനെ തുടർന്ന് പുറത്താണെന്നത് അവർക്ക് വലിയ തിരിച്ചടിയാണ്. ഹോളണ്ടിനെതിരേ ഡിമരിയ ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീന അത് അനുഭവിച്ചതാണ്. ഒടുവിൽ എക്‌സ്ട്രാ ടൈമിന്റെ അവസാനം കളത്തിലെത്തി ഹോളണ്ട് ഗോൾമുഖത്ത് നിരന്തരം അപകടം വിതച്ച് മരിയ തന്റെ ക്ലാസ് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മരിയയുടെ പരുക്ക് ഭേദമാവാനുള്ള പ്രാർഥനയിലാണ് അർജന്റീനിയൻ ആരാധകർ. മികച്ച ഫോമിലുള്ള വിങ് ബാക്കുകളായ അക്യൂനയുടെയും മോണ്ടിയലിന്റെയും സസ്‌പെൻഷനും അവർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഗോൾവലക്ക് മുന്നിൽ എമി നടത്തുന്ന മികച്ച പ്രകടനങ്ങൾക്കൊപ്പം ലിസാൻഡ്രോ മാർട്ടിനസും ഒറ്റമെൻഡിയും ക്രിസ്റ്റിയൻ റൊമേറോയും പ്രതിരോധത്തിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നത് ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കും. തന്റെ താരങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നതാണ് ലയണൽ സ്‌കലോനി എന്ന പരിശീലകന്റെ ആത്മവിശ്വാസം.
വിശ്വസസ്തനായ മോഡ്രിച്ച്
2018ലെ ലോകകപ്പ് ഫൈനൽ വരെ ടീമിനെ എത്തിക്കുന്നതിൽ 37 കാരനായ ലുക്കാ മോഡ്രിച്ചിന്റെ കാലുകൾക്കുള്ള പങ്ക് ക്രൊയേഷ്യക്ക് ഒരിക്കലും മറക്കാനാവില്ല. കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് ടിക്കറ്റ് ലഭിച്ചതെന്നതിന്റെ ആത്മവിശ്വാസവും അവർക്കുണ്ട്. അർജന്റീനയെയും വീഴ്ത്തിയാൽ ക്രൊയേഷ്യ സ്വപ്നലോകത്തെ വിജയികളാവും.
37 വയസ്സുണ്ടെങ്കിലും മധ്യനിരയിൽ യന്ത്രസമാനമാണ് മോഡ്രിച്ച്. അയാൾ ഗ്രൗണ്ടിലുണ്ടാക്കുന്ന ഇംപാക്ടുകൾ ഗോളുകളാവാതിരിക്കാൻ അർജന്റീന പിടിപ്പത് പണിയെടുക്കേണ്ടി വരും. മുന്നേറ്റത്തിൽ പെരിസിച് പുലർത്തുന്ന ഫോമും അവരുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിക്കുന്നുണ്ട്. ക്രമാറിചും പസാലിചും ഫോം കണ്ടെത്തിയാൽ ക്രോട്ടുകൾ ബ്രസീൽ വധം ആവർത്തിക്കുമെന്നുറപ്പാണ്. മധ്യനിരയിൽ മോഡ്രിചിനൊപ്പം കൊവാസിചും ബ്രോസോവിചും മികച്ച ഫോമിലാണുള്ളത്. സോസയും ഗ്വാർഡിയോളും ലോവ്‌റനും ജുറാനോവിചും ബ്രസീലിനെ അവസാന നിമിഷം വരെ പൂട്ടിയവരാണ്. ഇവരെ മറികടന്നാൽ തന്നെ ഗോൾവലക്കു മുന്നിൽ ചിലന്തിയായ ലിവാകോവിചിനെ മറികടക്കുകയെന്നതും പിടിപ്പത് പണിയാവും. ബ്രസീലിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിന് പുറമെ മുഴുവൻ താരങ്ങളും പുലർത്തുന്ന ഫോമും അർജന്റീനയെ മറികടക്കാൻ ധാരാളമാണെന്ന വിശ്വാസത്തിലാണ് ക്രോട്ടുകളുടെ പരിശീലകൻ സ്ലാട്‌കോ ഡാലിച്ചുള്ളത്.
സാധ്യത ഇലവൻ
അർജന്റീന: എമി മാർട്ടിനസ്, തഗ്ലിഫികോ, ലിസാൻഡ്രോ മാർട്ടിനസ്, ഓറ്റമെൻഡി, ക്രിസ്റ്റിയൻ റൊമേറോ, മൊളിന, ഡിപോൾ, എൻസോ ഫെർണാണ്ടസ്, മക്കലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
കൊയേഷ്യ: ലിവാകോവിച്, ജുറാനോവിച്, ലോവ്‌റൻ, ഗ്വാർഡിയോൾ, സോസ, കൊവാസിച്, ബ്രോസോവിച്, മോഡ്രിച്, പസാലിച്, ക്രമാറിച്, പെരിസിച്.
Argentina vs Croatia World Cup semi-final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."