നേപ്പാളില്‍ വന്‍ ഉരുള്‍പൊട്ടല്‍, രണ്ട് ബസുകള്‍ ഒലിച്ചു പോയി, 63 യാത്രക്കാരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചു പോയി. 63 യാത്രക്കാരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. മധ്യ നേപ്പാളിലെ മദന്‍ആശ്രിത് ഹൈവേയിലാണു സംഭവം. കഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തില്‍ പെട്ടത്.
ഹൈവേയില്‍ നാരായണ്‍ഗഢ് മുഗ്ലിന്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു.
നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണു തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷ ദുരന്തങ്ങളില്‍ 74 പേരാണു മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."