HOME
DETAILS

മുഹറം പത്തിന്റെ ചരിത്രപാഠങ്ങള്‍

  
Web Desk
July 16 2024 | 17:07 PM

Muharram 10: Historical Lessons

 

 മുഹറം 10. ലോക മുസ്ലിംകള്‍ അല്ലാഹുവിന് നന്ദിസൂചകമായി വ്രതമനുഷ്ഠിച്ച് സന്തോഷിക്കുന്ന ആശൂറാഅ് ദിനം. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ സ്വേഛാധിപതിയായിരുന്ന ഫറോവയുടെ പീഡന പര്‍വങ്ങളില്‍ നിന്നും മഹാനായ മൂസാ പ്രവാചകനും അനുയായികളും രക്ഷപ്പെട്ടു സന്തോഷിച്ച ദിവസം. ഫാസിസത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാമെന്നു വിചാരിച്ച വരേണ്യ വിഭാഗത്തിന്റെ പരാജയത്തിന്റെ നാള്‍. അധികാരം കൊണ്ട് അടിച്ചമര്‍ത്തി സത്യം തമസ്‌കരിച്ച കിങ്കരന്മാരെയെല്ലാം വിറപ്പിച്ചു നിര്‍ത്താന്‍ ചരിത്രത്തില്‍ സത്യധര്‍മ കക്ഷികള്‍ക്ക് പ്രചോദനം നല്‍കിയ സുന്ദര ദിനം. വരാനിരിക്കുന്ന സമൂഹങ്ങളിലും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും പ്രതീക്ഷകള്‍ നല്‍കി മുന്നോട്ട് കുതിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന നിത്യസ്മരണയാണ് മുഹറം 10.  ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് മുഹറം പത്ത്. ഫറോവയുടേയും മാരണക്കാരുടേയും കെണികളില്‍ നിന്ന് മൂസ നബി(അ)ക്ക് അല്ലാഹു വിജയം നല്‍കിയത് ഈ ദിവസത്തിലായിരുന്നു (അല്‍ ബിദായതു വന്നിഹായ 1/354).

ഫാസിസ്റ്റ് ഭരണാധികാരിയായ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമിയായ ഫറോവയുടെ ദയനീയമായ അധഃപതനവും മൂസാനബിയുടെയും ജനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹറം പത്തിന്റെ അവിസ്മരണീയ സ്മരണകളില്‍ പെട്ടതാണ്. സാമ്രാജ്യത്വ ശക്തികള്‍ക്കിടയില്‍ സത്യവിശ്വാസികള്‍ക്ക് പ്രതിസന്ധികളില്‍ പതറാതെ മുന്നേറാനുള്ള പ്രചോദനം നല്‍കുന്നതാണ് ആതരിത്രം. ഭൂരിപക്ഷത്തിന്റെയും അധികാരത്തിന്റെയും മറവില്‍ അക്രമവും അനീതിയും തുടര്‍ന്ന ഫറോവക്കെതിരേ സത്യവിശ്വാസത്തിന്റെ കരുത്തുമായി നിലകൊണ്ട മൂസാനബി(അ)യുടെയും അനുയായികളുടെയും വിജയത്തിന്റെ അവിസ്മരണീയമായ പാഠങ്ങള്‍ അയവിറക്കുന്ന ദിവസമാണിത്. 

വിമോചനത്തിന്റെ ദിനമാണിത്. മഹാ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബി(അ)യും വിശ്വാസികളും കപ്പലിറങ്ങിയതും മുഹറം പത്തിനാണ് (ഇമാംബൈഹഖി, ശുഅബുല്‍ ഈമാന്‍/3640).   മുഹമ്മദ് നബി (സ)യുടെ പൗത്രനും ഇമാം അലി(റ)യുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായതും ഇതേ ദിവസമാണ് (ഇമാം ത്വബ്‌റാനി, അല്‍ മുഅ്ജമുല്‍ കബീര്‍/2736).

 സ്വര്‍ഗം, നരകം,അര്‍ശ്, ഖലം, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം പടക്കപ്പെട്ടത് മുഹറം പത്തിനാണ്. ആദം നബി(അ)യുടെ തൗബ അല്ലാഹു സ്വീകരിച്ചത് മുഹറം പത്തിനാണ്. ഇബ്രാഹീം നബി(അ)നെ നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മുഹറം പത്തിനാണ്. മൂസ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും മുഹറം പത്തിനാണ്. യൂസുഫ് നബി(അ) ജയില്‍ മോചിതനായതും മുഹറം പത്തിനാണ്. യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചതും മുഹറം പത്തിനാണ്. അയ്യൂബ് നബി(അ)ക്ക് ആരോഗ്യം തിരിച്ചുകിട്ടിയതും മുഹറം പത്തിനാണ്. സുലൈമാന്‍ നബി(അ) ലോകത്തിന്റ ചക്രവര്‍ത്തിയായതും മുഹറം പത്തിനാണ്. യൂനുസ് നബി(അ) മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറം പത്തിനാണ് ആദ്യമായി മഴ വര്‍ഷിച്ചതും മുഹറം പത്തിനാണ്. ഇആനത്ത് 2/266 ഇത് വ്യക്തമാക്കുന്നുണ്ട്. 


അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിനം ആണ് മുഹര്‍റം പത്തിന്റെ (ആശൂറാഅ്) നോമ്പ് സ്രഷ്ടാവ് സുന്നത്താക്കിയത്. നന്ദി പ്രകടനത്തിന്റെ ഒരു പ്രധാന ആരാധനയാണ് നോമ്പ്. 

മൂസ നബി(അ)യെയും ബനൂ ഇസ്രാഈല്യരേയും ഫറോവയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടുത്തിയതില്‍ നന്ദി പ്രകടിപ്പിച്ച് ജൂതന്മാര്‍ മുഹറം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'തിരുദൂതര്‍ (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് ദിവസം  നോമ്പനുഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: 'ഈ ദിവസമാണ് മൂസ നബി(അ)യെയും ബനൂഇസ്‌റാഈല്യരെയും ഫിര്‍ഔനില്‍ നിന്ന് അല്ലാഹു രക്ഷിച്ചത്. അതിനാല്‍ ആ ദിവസത്തെ ആദരിച്ചു ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നു'. അപ്പോള്‍ നബി(സ) പറഞ്ഞു: 'ഞങ്ങളാണ്  മൂസ നബി(അ) യുമായി നിങ്ങളേക്കാള്‍ഏറ്റവും ബന്ധമുള്ളവര്‍'. അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ) കല്‍പ്പിച്ചു (സ്വഹീഹുല്‍ ബുഖാരി). മക്കയില്‍ വച്ച് തന്നെ നബി(സ്വ) ഖുറൈശികളോടൊപ്പം മുഹറം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നുവെന്ന ഹദീസ് ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. : 'അജ്ഞാന കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോമ്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ)യും ഈ നോമ്പെടുത്തു. അവിടുന്ന് മദീനയില്‍ പോയപ്പോള്‍ പ്രസ്തുത നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു' (അബൂദാവൂദ്, നസാഈ). 

സുന്നത്തു നോമ്പുകളില്‍ പ്രധാനമാണ് മുഹറം മാസത്തിലെ നോമ്പ്. വിശിഷ്യാ പത്താമത്തെ ദിവസം. 'ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ) ഏറെ നിര്‍ബന്ധ ബുദ്ധിയോടെ നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടതെന്ന്' ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട് (ബുഖാരി). ആശുറാഇന്റെ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കുന്നതാണെന്ന നബിവചനം അബൂഖതാദ(റ) ഉദ്ധരിച്ചിട്ടുണ്ട് ( മുസ്ലിം).
 മുഹറം പത്തിനു വ്രതം സുന്നത്തുള്ളതു പോലെ ഒമ്പതിനും (താസൂആഅ്) സുന്നത്തുണ്ട്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: 'പ്രവാചകന്‍(സ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഈ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ ? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒന്‍പതാമത്തെ ദിവസവും നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു : അടുത്ത വര്‍ഷമായപ്പോഴേക്കും തിരുനബി (സ) വഫാത്തായിരുന്നു' (മുസ്ലിം). 

ആശൂറാഅ് ദിനത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കല്‍ ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാരത്തിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത ഉണ്ടാകല്‍ സുന്നത്താണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയത് കാണാം. (തര്‍ശീഹ്/327). 
മുഹറം പത്തിന് ഭക്ഷണത്തില്‍ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.


ആശൂറാഅ് ദിനത്തിലെ അനാചാരങ്ങള്‍

ആശൂറാഅ് ദിനവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും പ്രചാരത്തിലുണ്ടെങ്കിലും നോമ്പും കുടുബത്തിനു നല്‍കുന്ന ഭക്ഷണ സുഭിക്ഷതയുമൊഴികെയുള്ള ഒന്നും തന്നെ സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ലെന്ന് പണ്ഡിതന്മാര്‍  രേഖപ്പെടുത്തുന്നുണ്ട്. 

പവിത്രമായ മുഹറം മാസത്തിലെ ആചാരങ്ങളെ ഉള്‍ക്കൊള്ളുന്നതിനു പകരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കാനുമാണ് ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത്. ശീഇകളാണ് ഇതിന് പിന്നില്‍. മുഹറം മാസപ്പിറവി മറഞ്ഞു കാണുന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദുശ്ശകുനമാണെന്നും മുഹറത്തില്‍ നഷ്ടം വന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും നഷ്ടം വരുമെന്നും മുഹറം പത്തിനുമുമ്പ് വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കച്ചവടം പോലുള്ളവ തുടങ്ങാന്‍ പാടില്ലെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ക്ക് മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. മുന്‍ഗാമികള്‍ മുഹറത്തിലെ ആദ്യത്തെ പത്തു ദിവസം നിര്‍ബന്ധ ബുദ്ധ്യാ നോമ്പെടുത്തിരുന്നതു നിമിത്തം സദ്യ വിളമ്പുന്ന പരിപാടികളെല്ലാം പത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് നീക്കി വച്ചതില്‍ നിന്ന് തെറ്റിദ്ധരിച്ചുണ്ടായതാവണം ഈ ധാരണ.

മുഹറത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെ മുഴുവന്‍ പണ്ഡിതന്മാര്‍ നഖശിഖാന്തം വിമര്‍ശിക്കുകയാണ് ചെയ്തത്. അവര്‍ പറയുന്നതു കാണുക: 'ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്' (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സമ്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്‌ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455).  ഈ ദിനത്തില്‍ ആശൂറാഇന്റെ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).

കര്‍ബലയില്‍ ഇമാം ഹുസൈന്‍ (റ)  കൊല്ലപ്പെട്ടതിന്റെ പേരില്‍ ശീഇകള്‍ സംഘടിപ്പിക്കുന്ന ശാരീരിക പീഡനങ്ങള്‍ നടത്തിയുള്ള മുഹറം ആഘോഷത്തിനും ഇസ്ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഹിജ്‌റ 61ാം വര്‍ഷം മുഹറം പത്തിനാണ് സയ്യിദ് ഹുസൈന്‍ (റ) വധിക്കപ്പെട്ടതെന്നതു ചരിത്ര സത്യമാണ്. എന്നാല്‍ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാനും വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളാനുമാണ് ഇസ്ലാമിന്റെ ആഹ്വാനം. പ്രവാചകന്മാരുടെ മരണ ദിനങ്ങളുടെ ദുഃഖാചരണം പോലും ഇസ്ലാം അനുവദിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ളവരുടെ പേരില്‍ ദുഃഖാചരണം നടത്തുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഇതാണ് പണ്ഡിതമതം.

Explore the historical and religious significance of Muharram 10, also known as Ashura. Discover the profound lessons of courage, sacrifice, and standing against oppression, commemorating the martyrdom of Husayn ibn Ali at the Battle of Karbala.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  a day ago
No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  a day ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  a day ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  a day ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  a day ago
No Image

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

National
  •  a day ago
No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  a day ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  a day ago