മുണ്ടക്കൈ ദുരന്തഭൂമിയിലെ കുട്ടികളെ ദത്തെടുക്കല്‍ എളുപ്പമോ?
വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തില്‍പെട്ട കുട്ടികളെ ദത്തെടുക്കാന്‍ സുമനസുകളോടെ സ്വദേശത്തും വിദേശത്തുമുള്ള ആളുകള്‍ സമ്മതമറിയിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കരുതല്‍ നല്‍കി സ്വന്തം മക്കളെപ്പോലെ തന്നെ സ്‌നേഹിച്ചു വളര്‍ത്താമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.
ഉരുള്‍പൊട്ടലിനിരയായ കുഞ്ഞുങ്ങള്‍ അനാഥരാവരുത് എന്ന നല്ല മനസ്സാണ് ഇതിനുപിന്നില്‍. എന്നാല്‍, ദത്തെടുക്കല്‍ പ്രത്യേകിച്ചും ഇത്തരം ദുരന്തങ്ങളില്‍ ഇരകളായവരെ ദത്തെടുക്കുന്ന നടപടികള്‍ അത്ര എളുപ്പമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസം സുധി എന്നൊരാള്‍ ഒരു കമന്റിട്ടിരുന്നു. 'അനാഥര്‍ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ... എനിക്ക് കുട്ടികള്‍ ഇല്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം' എന്ന്.
കുവൈത്തില്‍ രണ്ട് ആണ്‍കുട്ടികളും ഭാര്യയുമായി കുടുംബസമേതം കഴിയുന്ന ബി.സി സമീര്‍ ഫേസ്ബുക്കില്‍ ഇതേ ആഗ്രഹം പ്രകടിപ്പിച്ചതും നിരവധി പേര്‍ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എങ്കില്‍ ഇതത്ര എളുപ്പമല്ല. വളരെ സങ്കീര്‍ണമായ നടപടികളാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ടിട്ടുള്ളത്.
മാതാപിതാക്കളില്ലാത്ത, ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരം സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. നിയമപരമായ നടപടികളിലൂടെയാണ് ഇവരെ പരിചരണത്തിനും ദത്തെടുക്കലിനും നല്‍കുക.
ഇതിനായി സി.എ.ആര്‍.എ(സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി)യില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ 1361 കുട്ടികളെയാണ് ഈ വര്‍ഷം ദത്ത് നല്‍കിയത്. ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് 34,847 മാതാപിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
എന്നാല്‍, മൂന്നു കുട്ടികളാണ് വയനാട്ടിലെ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരായിട്ടുള്ളത്. ഈ കുട്ടികളും ഇപ്പോള്‍ ബന്ധുക്കളുടെ കൂടെയാണുള്ളത്. എല്ലാകുട്ടികള്‍ക്കും ബന്ധുക്കളായി ആരെങ്കിലുമൊക്കെയുണ്ടെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസര്‍ പറഞ്ഞു. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."