കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ പണിമുടക്ക്
രാജ്യവ്യാപകമായി തൊഴിലാളികള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന ദേശീയപണിമുടക്കു കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണ്. ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളിസംഘടനകളും സമരത്തില്‍ ഒറ്റക്കെട്ടായി പങ്കെടുക്കുന്നുവെന്നതില്‍നിന്നുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തം. അതു സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ടതായിരുന്നു.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍രണ്ടിനും ഇതേപോലെ രാജ്യവ്യാപകമായി തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. അതേ ആവശ്യങ്ങളുയര്‍ത്തിത്തതന്നെയാണ് ഇന്നും സമരം. പതിനഞ്ചുകോടിയിലധികം തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കുസമരത്തോടു നിസ്സംഗതപുലര്‍ത്താനാണു സര്‍ക്കാരിന്റെ ഭാവമെങ്കില്‍ രാജ്യമൊട്ടാകെയുള്ള കര്‍ഷകരും തൊഴിലാളികളും പ്രശ്‌നപരിഹാരംവരെ തെരുവിലിറങ്ങുന്നകാലം വിദൂരമാവുകയില്ല.
മാസത്തില്‍ 18,000 രൂപ കിട്ടുംവിധം മിനിമം ദിവസക്കൂലി ലഭിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തോടു സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം സര്‍ക്കാര്‍ കാര്‍ഷികേതരതൊഴിലാളികളുടെ മിനിമംവേതനം 350 രൂപയാക്കി ഉയര്‍ത്തിയതും ബോണസ്പരിധി ഉയര്‍ത്തിയതും തൊഴിലാളികളെ സമരരംഗത്തുനിന്നു പിന്തിരിപ്പിക്കാനായിരുന്നു.
ബോണസ് നല്‍കുന്നതു സംബന്ധിച്ചു സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കുമെന്നും കരാര്‍തൊഴിലാളികളടക്കം സ്റ്റാഫിങ് ഏജന്‍സികളുടെ രജിസ്‌ട്രേഷന്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെടുമെന്നും ആശാവളണ്ടിയര്‍മാരുള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹികസുരക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും തൊഴിലാളി യൂനിയനുകളുടെ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നടത്തണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശംനല്‍കുമെന്നും ഓരോ മേഖലയിലെ വ്യവസായങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെവ്വേറെ യോഗം വിളിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി നടത്തിയെങ്കിലും സമരപരിപാടികളുമായി പത്തു തൊഴിലാളിയൂനിയനുകളും മുന്നോട്ടുവന്നതു തൊഴിലാളികളുയര്‍ത്തിയ കാതലായപ്രശ്‌നങ്ങള്‍ക്കുനേരേ സര്‍ക്കാര്‍ കണ്ണടച്ചതുകൊണ്ടാണ്.
മാര്‍ച്ചില്‍ അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ച ബജറ്റ് കോര്‍പറേറ്റുകളെയും വന്‍കിടക്കാരെയും അകമഴിഞ്ഞു സഹായിക്കുന്നതായിരുന്നു. നാലുകോടിയിലധികം വരുന്ന പി.എഫ് വരിക്കാരുടെ ശമ്പളത്തില്‍നിന്നു നിര്‍ബന്ധമായി പിടിച്ചുവയ്ക്കുന്ന തൊഴിലാളിവിഹിതത്തിനു തുല്യമായി തൊഴിലുടമയും നിക്ഷേപിക്കണമെന്നതായിരുന്നു നിയമം. വിഘ്‌നംവരുത്തുന്ന തൊഴിലുടമകള്‍ക്കു തടവുശിക്ഷവരെ ലഭിക്കാവുന്നതിനാല്‍ തൊഴിലുടമ ഇതില്‍ വിഘ്‌നംവരുത്താറില്ല. പിരിഞ്ഞുപോകുമ്പോള്‍ കിട്ടുന്ന ഈ തുകയ്ക്കു നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാരാണു നരേന്ദ്രമോദി സര്‍ക്കാര്‍.
പെന്‍ഷന്‍ഫണ്ടു പരിപോഷിപ്പിക്കാനാണിതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ആദായനികുതിയടയ്ക്കാത്ത കുത്തകകളെയും കോര്‍പ്പറേറ്റുകളെയും തൊടാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായില്ല. കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍നിന്നെടുത്ത അഞ്ഞൂറുകോടി എഴുതിത്തള്ളാന്‍ മടികാണിക്കാത്ത സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളുടെ കഞ്ഞിച്ചട്ടിയിലാണു കൈയിട്ടുവാരുന്നത്.
ആദായനികുതിയടയ്ക്കാത്ത കോടീശ്വരന്മാരെ വെറുതെവിടുന്ന സര്‍ക്കാര്‍ 600 രൂപയെങ്കിലും തൊഴിലാളിക്കു മിനിമംകൂലിയായി അനുവദിക്കാന്‍ തയാറാവുന്നില്ല. എണ്ണവില കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിലൂടെ എണ്‍പതുലക്ഷംകോടിയിലധികം രൂപയാണു ഖജനാവില്‍ കുന്നുകൂടിയിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണവില വര്‍ദ്ധിപ്പിച്ചു കോടികള്‍ വാരിക്കൂട്ടുകയായിരുന്നു. ഇതില്‍നിന്ന് ഒരംശം മതിയായിരുന്നില്ലേ തൊഴിലാളികളുടെ മിനിമം കൂലിയെങ്കിലും മാന്യമായ നിലയില്‍ നിര്‍ണയിക്കുവാന്‍.
കള്ളപ്പണം പിടിച്ചെടുക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കു പ്രോത്സാഹനംനല്‍കുന്ന നിലപാടാണു സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ 45 ശതമാനം നികുതിയടച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ വരവുവയ്ക്കുമെന്നു പറഞ്ഞതു വായുവില്‍ വിലയം പ്രാപിക്കുകയും ചെയ്തു. തൊഴിലാളിവിരുദ്ധതയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍നയം തിരുത്തുന്നില്ലെങ്കില്‍, കോര്‍പ്പറേറ്റുകളെ സുഖിപ്പിക്കാന്‍തന്നെയാണു ഭാവമെങ്കില്‍, നന്ദിഗ്രാമില്‍ ടാറ്റക്കും ഇടതുപക്ഷസര്‍ക്കാരിനുമുണ്ടായ അനുഭവം ഭാവിയില്‍ ബി.ജെ.പി സര്‍ക്കാരിനും ഉണ്ടാകുമെന്നതില്‍ സംശയമില്ല.
രാജസ്ഥാന്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ആവിഷ്‌കരിച്ച തൊഴിലാളിവിരുദ്ധനയം രാജ്യമൊട്ടാകെ നടപ്പിലാക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴില്‍സുരക്ഷയില്ലാതാക്കുന്ന നടപടികളാണു രാജസ്ഥാന്‍സര്‍ക്കാര്‍ നടപ്പിലാക്കിയത്. തൊഴിലുടമകള്‍ക്കു യാതൊരുബാധ്യതയുമില്ലാതെ യഥേഷ്ടം കരാര്‍തൊഴിലാളികളെ പിരിച്ചുവിടാനും ആനുകൂല്യങ്ങള്‍നല്‍കാതെ കമ്പനികളും ഫാക്ടറികളും പൂട്ടാനും അവകാശംനല്‍കുന്ന ഭേദഗതി തൊഴിലാളിവിരുദ്ധതയല്ലാതെ മറ്റെന്താണ്. ഫാക്ടറീസ് ആക്ട് സര്‍ക്കാര്‍ ഭേദഗതിചെയ്യുന്നതുവഴി തൊഴില്‍സമയം എട്ടില്‍നിന്നു പന്ത്രണ്ടുമണിക്കൂറായി വര്‍ധിച്ചിരിക്കുകയാണ്. ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാര്‍ ഫാക്ടറികള്‍ പരിശോധിക്കേണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്.
പുതിയഭേദഗതിപ്രകാരം സ്ഥിരംതൊഴിലാളിയെന്നതു സര്‍ക്കാര്‍നിഘണ്ടുവില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. എല്ലാവരും താല്‍ക്കാലികതൊഴിലാളികള്‍. ഉടമയ്ക്ക് ഏതുനിമിഷവും തൊഴിലാളികളെ മുന്‍കൂര്‍ നോട്ടിസു നല്‍കാതെ പിരിച്ചുവിടാം. മിനിമം കൂലിയോ സാമൂഹ്യസുരക്ഷയോ ഇവര്‍ക്കു നല്‍കണമെന്നില്ല. തൊഴിലാളിവിരുദ്ധനീക്കങ്ങള്‍ നടത്തുന്ന ഉടമകള്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുക്കണമെങ്കില്‍ സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി വാങ്ങണം. ഇത്രയും തൊഴിലാളിവിരുദ്ധസമീപനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ആത്മാഭിമാനമുള്ള തൊഴിലാളികള്‍ക്ക് അതു വകവച്ചുകൊടുക്കാനാവില്ല.
നിരവധി സമരങ്ങളുടെയും ജീവത്യാഗങ്ങളുടെയും ഫലമായി രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്ത ആനുകൂല്യങ്ങളും തൊഴില്‍സുരക്ഷിതത്വവും ചില കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അട്ടിമറിക്കുന്ന തൊഴിലാളിവിരുദ്ധനടപടികള്‍ക്കെതിരേ രാജ്യവ്യാപകമായി തൊഴിലാളികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൂചനാപണിമുടക്കുസമരം അനിശ്ചിതകാലപണിമുടക്കുസമരമായി ആളിപ്പടരാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍തൊഴിലാളികള്‍ വര്‍ഷങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ വകവച്ചുകൊടുക്കുകയാണുവേണ്ടത്.
കോര്‍പ്പറേറ്റുകളും വന്‍കിടക്കാരും രാജ്യത്തെ വിറ്റുമുടിക്കുമ്പോള്‍ കര്‍ഷകരും തൊഴിലാളികളുമാണ് ഈ രാജ്യത്തെ സേവിക്കുന്നതെന്നു സര്‍ക്കാര്‍ ഓര്‍ക്കണം. കഞ്ഞിവയ്ക്കാനുള്ള പിടിയരി പിടിച്ചുവച്ചു സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കരുത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കലായിരിക്കും സര്‍ക്കാരിന് അഭികാമ്യം. കര്‍ഷകഭൂമി അവരുടെ അനുവാദമില്ലാതെ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പിടിച്ചെടുക്കാമെന്ന നയവുമായി വന്ന സര്‍ക്കാര്‍ ഒടുവില്‍ പിന്തിരിഞ്ഞതു ഗുണപാഠമാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."