വേറിട്ട പ്രതിഷേധവുമായി അശോകന് വീണ്ടും
പാതയോരത്ത് പന്ത്രണ്ട് മണിക്കൂര്‍ നില്പ് സമരം
ചെറുവത്തൂര്‍: ഒറ്റയാള്‍ സമരങ്ങളിലൂടെ ശ്രദ്ധനേടിയ ചീമേനി സ്വദേശി അശോകന് പെരിങ്ങാര ദേശീയപണിമുടക്കിനു പിന്തുണ അറിയിച്ചതും വ്യത്യസ്തമായ സമരരീതിയിലൂടെ. 12 മണിക്കൂര്‍ നീണ്ട നില്പ് സമരത്തിലൂടെയാണ് അശോകന് പെരിങ്ങാര പണിമുടക്കിന് അനുഭാവം പ്രകടപ്പിച്ചത്.
ചെറുവത്തൂരില്‍ രാവിലെ ആറിനു ആരംഭിച്ച പ്രതിഷേധം വൈകീട്ട് ആറിനാണ് അവസാനിപ്പിച്ചത്. 'നിലനില്‍പ്പിനായി നില്പ് സമരം' എന്നാണ് അശോകന് തന്റെ പ്രതിഷേധത്തിനു പേരിട്ടത്. പ്രതിഷേധത്തിനായി ആളെ കൂട്ടാനോ പ്രകടനം നടത്താനോ ഒന്നും അശോകന് കാത്തുനില്ക്കാറില്ല. റബര്‍ വിലത്തകര്ച്ചയ്ക്കെതിരേ കണ്ണൂര്‍ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിന്നു കാഞ്ഞങ്ങാട് വരെ 20 കിലോമീറ്റര്‍ ദൂരം പിറകോട്ടു നടന്നാണ് അശോകന് പ്രതിഷേധം അറിയിച്ചത്.
ചീമേനി കാക്കടവില്‍ ചായക്കട നടത്തുകയാണ് ഇദ്ദേഹം. പെട്രോള്‍ വിലവര്ധനയ്ക്കെതിരേയായിരുന്നു അശോകന് ആദ്യം ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാക്കടവ് മുതല്‍ കാസര്‍കോട് വരെ തനിച്ച് കാല്‍നട യാത്ര നടത്തിയായിരുന്നു പ്രതിഷേധം.
പെട്രോള്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചപ്പോള്‍ ദേശീയപാതയോരത്ത് ചെറുവത്തൂരില്‍ അഞ്ചു മണിക്കൂര്‍ പ്രതീകാത്മക ശവമായി കിടന്നും പ്രതിഷേധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാത്തതിനെതിരേ 85 കിലോമീറ്ററോളം സൈക്കിള്‍ യാത്രനടത്തിയായിരുന്നു പ്രതിഷേധിച്ചത്. പടുവളം മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് റോഡരികിലൂടെ ശയന പ്രദക്ഷിണം നടത്തിയും വിലക്കയറ്റത്തിനെതിരേ തലയില്‍ അടുപ്പ് കൂട്ടിയും അശോകന് വേറിട്ട സമരം നടത്തി. സ്വകാര്യ വ്യക്തി നടത്തുന്ന ഖനനത്തിനെതിരേ ചെണ്ടകൊട്ടിയായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."