'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് ബില്‍ അവതരിപ്പിച്ചത്. ഒരു മുസ്‌ലിം പള്ളിയിലും സര്‍ക്കാര്‍ കൈകടത്തുന്നില്ല. ബില്ലില്‍ വിശദമായ ചര്‍ച്ച നടന്നെന്ന് കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. മതേതതരത്വം നിറഞ്ഞ ബില്ലാണ് അവതരിപ്പിക്കുന്നത്. കമ്മിറ്റിയിലേക്ക് അമുസ്‌ലിംകളെ കൂടി ഉള്‍പെടുത്തും. 97 ലക്ഷം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളെല്ലാം പരിശോധിച്ചു. എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നു. ജെ.പി.സിയില്‍ ബില്ലിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടുണ്ട്. 97 ലക്ഷം നിര്‍ദേശങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ലഭിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മത നേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഇതിനുമുമ്പും നിരവധി ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്.അപ്പോള്‍ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഭേദഗതിയെ എതിര്‍ക്കുകയാണ്- മന്ത്രി പറഞ്ഞു.
മതേതരത്വത്തിനും ഭരണഘടനക്കും വിരുദ്ധമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ആരംഭിച്ചത്. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് പറഞ്ഞ കെ.സി വേണുഗോപാല്‍ എം.പി എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ വ്യവസ്ഥകള്‍ എങ്ങനെ കൂട്ടിച്ചേര്‍ത്തെന്നും പ്രതിപക്ഷം ചോദിച്ചു.
ബില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്നും നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭേദഗതി ബില്ല് തയ്യാറാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."