നിങ്ങളുടെ വീട്ടില്‍ അലങ്കാരച്ചെടികളും വളര്‍ത്തുമൃഗങ്ങളും ഉണ്ടെങ്കില്‍ മറക്കണ്ട... അലര്‍ജി ഉണ്ടാക്കും
വളര്‍ത്തുമൃഗങ്ങളും ഇന്‍ഡോര്‍ പ്ലാന്റ്‌സും ഒക്കെ ഇന്ന് അധികവീടുകളിലും കാണാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം വളര്‍ത്തുമൃഗങ്ങളെ ഇഷ്ടവുമാണ്. എന്നാല്‍ ഈ വളര്‍ത്തുമൃഗങ്ങള്‍ രോഗാണുവാഹകരാണെന്ന കാര്യം എത്ര പേര്‍ക്കറിയാം? അല്ലെങ്കില്‍ ഇതൊക്കെ ആരൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഗൃഹാന്തരീക്ഷം ശുദ്ധമായിരിക്കാന്‍ ഇന്‍ഡോര്‍ പ്ലാന്റ്‌സ് സഹായിക്കുമെന്നത് ശരിതന്നെ. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും അലര്‍ജിയും ചര്‍മ സംബന്ധമായ രോഗങ്ങളും ഉണ്ടാക്കുന്നവയാണ്.

പെറ്റ്‌സ്
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ രോഗപ്രതിരോധശേഷി പൊതുവേ കുറവായിരിക്കും. വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള ഇന്‍ഫെക്ഷന്‍ ഇവരെയൊക്കെയാണ് എളുപ്പത്തില്‍ ബാധിക്കുക. കാരണം മൃഗങ്ങളുടെ ശരീരത്തിലും ഉമിനീരിലും ബാക്ടീരിയകളും ചെറുപ്രാണികളും വസിക്കുന്നുണ്ട്.
ഇവയെ തൊടുകയോ ലാളിക്കുകയോ ചെയ്യുമ്പോള്‍ ഇവ നമ്മുടെ ശരീരത്തിലേക്കും എത്തിച്ചേരും. സാല്‍മൊണലോസിസ്, ക്യാറ്റ് സ്‌ക്രാച്ച് ഫിവര്‍, റൗണ്ട് വേം എന്നീ രോഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്നുണ്ടാവാം. മാത്രമല്ല, ഫംഗല്‍ ഇന്‍ഫെക്ഷന്‍, ചര്‍മത്തെയും മുടിയെയും നഖത്തേയും ബാധിക്കുന്ന രോഗങ്ങളുമുണ്ടാവാം. വളര്‍ത്തു തത്തകള്‍ പോലും പ്രത്യേകം രോഗം പരത്തുന്നവയാണ്.

ഇന്‍ഡോര്‍ പ്ലാന്റ്
വീടിന്റെ അകത്തളങ്ങള്‍ മനോഹരമാക്കാനും ഡ്രോയിങ് റും, ബാല്‍ക്കണി മുതല്‍ അടുക്കളയില്‍ വരെ ഇന്‍ഡോര്‍ പ്ലാന്റ്‌സ് വയ്ക്കുന്നത് ഇന്നൊരു ഫാഷനായിട്ടുണ്ട്. മണിപ്ലാന്റ്, ക്രോട്ടണ്‍, കാക്ക്റ്റസ്, എക്‌സോറ, മിനിയേച്ചര്‍, ബോണ്‍സായ്, കോളിയസ്, സ്‌നേക്ക് പ്ലാന്റ്, അര്‍ക്കേറിയ, ബോഗന്‍വില്ല, ഫോണ്‍, പ്ലാന്റന്‍ എന്നിവയാണ് പൊതുവെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സ്.
നാം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുമെന്നു മാത്രമല്ല ബെന്‍സീന്‍, ടാല്യൂണ്‍, ജായ്‌ലിന്‍ പോലുള്ള ഹാനികരങ്ങളായ വാതകങ്ങളും പിടിച്ചെടുത്ത് ഗൃഹാന്തീക്ഷം ശുദ്ധമാക്കുന്നു. അതേസമയം പലതരം അലര്‍ജിക്കും സ്‌കിന്‍ ടോക്‌സിക്ക് റിയാക്ഷനും കാരണമാവുന്നു എന്നതാണ് ന്യൂനത. ചില ചെടികളുടെ രൂക്ഷമായ ഗന്ധവും അലര്‍ജിയ്ക്ക് കാരണമാകാറുണ്ട്.
വിഷസസ്യങ്ങള്‍
ഇന്റോര്‍ പ്ലാന്റ് മുറിക്കുകയോ വൃത്തിയാക്കുകയോ ചെയ്യുമ്പോള്‍ അവയില്‍ നിന്ന് സ്രവിക്കുന്ന ദ്രവം ചിലരിലെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ചിലയിനം സസ്യങ്ങളിലുള്ള പദാര്‍ഥങ്ങള്‍ കണ്ണ്, മൂക്ക്, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
പലപ്പോഴും ഗൃഹാലങ്കാരത്തിനുപയോഗിക്കുന്ന സസ്യങ്ങളില്‍ നിന്നു മാത്രമല്ല ചെടിച്ചട്ടിയിലെ മണ്ണ്, വെള്ളം, വളം എന്നിവയില്‍ നിന്നും വിഷമയമുള്ള വോള്‍ടൈല്‍ ഓര്‍ഗാനിക്ക് കോംപൗണ്ടും പുറത്തുവരാറുണ്ട്. ഇത് ഗൃഹാന്തരീക്ഷം മലിനമാക്കും. ലില്ലി, വിപ്പിങ് ഫിഗ്, എറിക്ക്പാം പ്ലാന്റിലുമൊക്കെയാണ് വോള്‍ടൈല്‍ ഓര്‍ഗാനിക്ക് കോംപൗണ്ട് കണ്ടുവരുന്നത്. പകലാണ് ഇവ അധികമായി പുറപ്പെടുവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ അവയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളര്‍ത്തു മൃഗങ്ങളില്‍ നിന്നു പലതരം സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുടെ പരിപാലനത്തിലും ശ്രദ്ധവേണം.
മൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവയ്പ് നല്‍കുക.
ഇവയുടെ ആരോഗ്യസ്ഥിതി മൃഗഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പു വരുത്തുക.
അവയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
മൃഗങ്ങളെ ലാളിക്കുന്നവരാണെങ്കില്‍ കൈകള്‍ നന്നായി കഴുകിയ ശേഷം മാത്രം മറ്റു ജോലികള്‍ ചെയ്യുക. കുട്ടികളിലും ഈ ശീലം കൊണ്ടുവരിക.
ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."