മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി
ഇംഫാൽ: സംസ്ഥാനത്തെ വംശീയ സംഘർഷങ്ങൾക്ക് ശേഷം ആദ്യമായി മെയ്തി വിഭാഗക്കാർ കുക്കികളെ കണ്ടു. കഴിഞ്ഞദിവസം ഉഗ്രൂൾ ജില്ലയിലെ ലതിൻ ദുരിതാശ്വാസ ക്യാംപിലാണ് തികച്ചും അത്ഭുതപ്പെടുത്തിയ കൂടിച്ചേരൽ നടന്നത്. മെയ്തി വിഭാഗക്കാരനായ മുൻമന്ത്രിയും ലാതിൻ എം.എൽ.എയുമായ യുംനാൻ ഖെംചന്ദാണ് കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. 175 ലധികം പേർ താമസിക്കുന്ന ക്യാംപിലെത്തിയ മുൻമന്ത്രി എല്ലാവരെയും ചേർത്ത് നിർത്തി മണിക്കൂറുകൾ ചിലവഴിച്ചാണ് തിരിച്ചുപോയത്.
2023 മേയ് മൂന്നിന് കലാപം തുടങ്ങിയതിന് ശേഷം കുക്കികളും മെയ്തികളും പരസ്പരം കാണാൻ കഴിയാതെ രണ്ട് വിഭാഗക്കാരായാണ് കഴിയുന്നത്. മെയ്തികൾ ഇംഫാൽ താഴ്‍വരകളിലെ ജില്ലകളിലും കുക്കികൾ മലമ്പ്രദേശങ്ങൾ കേന്ദ്രീകരിച്ചുളള ജില്ലകളിലുമായിട്ടാണ് കഴിയുന്നത്. ഇപ്പോഴും ചിലയിടങ്ങളിൽ ഇവർ തമ്മിൽ സംഘർഷം തുടരുകയാണ്. ഇതിനിടയിലാണ് വർഷങ്ങൾക്ക് ശേഷം മെയ്തി ജനപ്രതിനിധി കുക്കികളെ കാണാനെത്തിയത്. തികച്ചും വൈകാരികമായ കണ്ടുമുട്ടൽ ആയിരുന്നു ഇതെന്ന് ഇവിടുത്തെ അന്തേവാസികൾ പറഞ്ഞു. ക്യാംപുകളിൽനിന്ന് തങ്ങളെ പഴയ സ്ഥലത്തേക്ക് തിരിച്ചു കൊണ്ടുപോകാൻ നടപടി സ്വീകരിക്കണമെന്നും ഇവർ എം.എൽ.എ യോട് ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാതെ ഖെംചന്ദ് നടത്തിയ സന്ദർശനം കുക്കി, മെയ്തി മേഖലകളിൽ വലിയ ചലനമാണ് ഉണ്ടാക്കിയിട്ടുള്ളത്. പരസ്പരം കാണാനും പഴയ സ്ഥലങ്ങളിലേക്ക് കുക്കി, മെയ്തി വിഭാഗക്കാർക്ക് തിരിച്ചത്താനും ഈ സന്ദർശനം കാരണമാകുമെന്ന് മണിപ്പൂരികൾ കരുതുന്നു. എന്നാൽ കുക്കി ഇൻപി മണിപ്പൂർ, കുക്കി സോമി സംഘടനാ നേതൃത്വങ്ങൾ, ഏതാനും ചില മെയ്തി സംഘടനകൾ തുടങ്ങിയവർ മുൻ മന്ത്രിയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.
meitei mla visited the relief camp for kuki people
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."