ഗവേഷണത്തിൽ ഭാര്യ കോപ്പിയടി നടത്തിയെന്ന ഭർത്താവിന്റെ ആരോപണം : വ്യക്തിപരമായ തർക്കങ്ങൾക്ക് വേദിയല്ലെന്ന് ഹൈക്കോടതി
ജയ്പൂർ: ഗവേഷണ പ്രബന്ധത്തിൽ ഭാര്യ കോപ്പിയടിച്ചെന്ന് ആരോപിച്ച് ഹരജി നൽകിയ ഭർത്താവിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യക്തിപരമായ തർക്കങ്ങൾ പരിഹരിക്കാൻ കോടതിയെ ദുരുപയോഗം ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാർ ധണ്ട് വിധിന്യായത്തിൽ വ്യക്തമാക്കി.
2023-ൽ ഹരജിക്കാരനായ ഭർത്താവ്, ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിൽ കോപ്പിയടി ആരോപിച്ച് രാജസ്ഥാൻ സർവകലാശാലയിൽ പരാതി നൽകിയിരുന്നു. ആരോപണം അന്വേഷിക്കാൻ സർവകലാശാല കമ്മിറ്റി രൂപീകരിച്ചെങ്കിലും, തുടർ നടപടികളിൽ തൃപ്തനല്ലാത്ത ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, വ്യക്തിപരമായ വിദ്വേഷം തീർക്കാനാണ് ഈ ഹരജി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
"നിയമ പ്രക്രിയയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ് ഇത്തരം ഹരജികൾ. വ്യക്തിപരമായ പക തീർക്കാൻ കോടതിയുടെ വേദി ഉപയോഗിക്കാൻ അനുവദിക്കാനാവില്ല," ജസ്റ്റിസ് ധണ്ട് വ്യക്തമാക്കി. പരാതി നൽകിയതോടെ ഹരജിക്കാരന്റെ ജോലി അവസാനിച്ചുവെന്നും, സർവകലാശാല രൂപീകരിച്ച കമ്മിറ്റി നിയമപരമായി മുന്നോട്ടുപോകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
"ഹരജിക്കാരന്റെ ലക്ഷ്യം സ്വന്തം തർക്കങ്ങൾ തീർക്കുക മാത്രമാണ്. ഇത് നിയമത്തിന്റെ ദുരുപയോഗമാണ്. മറ്റുള്ളവരുടെ സമയം പാഴാക്കുന്ന ഗൂഢലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ഹരജി നൽകുന്നത് അനുവദിക്കില്ല," കോടതി വിധിയിൽ പറഞ്ഞു. ഹരജി തെറ്റായ ധാരണയിൽ നിന്നുള്ളതാണെന്നും കോടതി വിലയിരുത്തി. ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ഷോബിത് തിവാരി ഹാജരായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."