അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' അടക്കമുള്ള നിർണായക സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (പിഐഒ) ശ്രമിക്കുന്നതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ ഗൗരവമുള്ള മുന്നറിയിപ്പ്. അജ്ഞാത നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഒഴിവാക്കണമെന്നും മന്ത്രാലയം പൗരന്മാർക്ക് നിർദ്ദേശം നൽകി.
7340921702 പോലുള്ള ഇന്ത്യൻ നമ്പറുകളിൽ നിന്നാണ് ഇത്തരം ചാരവൃത്തി ലക്ഷ്യമിട്ടുള്ള കോളുകൾ വരുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി വേഷമാറി മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ സമീപിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കാനാണ് പിഐഒ ശ്രമിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്ഥാൻ സൈന്യം ഭീകരവാദികൾക്ക് പിന്തുണ നൽകുന്നതിനെ ശക്തമായി അപലപിച്ച ഇന്ത്യൻ സൈന്യം, ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകിയെന്നും വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച 'ആകാശ്' പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെയും മിസൈലുകളെയും തുരത്തുന്നതിൽ വിജയകരമായി പ്രവർത്തിച്ചതായി സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ നിരവധി ഡ്രോണുകൾ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭീകരവാദ പ്രവർത്തനങ്ങളുടെ രീതി മാറിയിട്ടുണ്ടെന്നും നിരപരാധികളായ സാധാരണക്കാരെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും സൈന്യം ചൂണ്ടിക്കാട്ടി. ഏത് ആക്രമണങ്ങളെയും നേരിടാൻ ഇന്ത്യൻ സേന പൂർണ്ണ സജ്ജമാണെന്നും അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാന് സാധിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. അതിർത്തിയിലെ ശക്തമായ വ്യോമപ്രതിരോധ, റഡാർ സംവിധാനങ്ങളെ മറികടന്ന് ഒരു ആക്രമണവും നടത്താൻ പാകിസ്ഥാന് കഴിയില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു.
'ഓപ്പറേഷൻ സിന്ദൂർ' വിജയകരമായി പുരോഗമിക്കുകയാണെന്നും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുമെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ നീക്കങ്ങളെയും ശക്തമായി നേരിടുമെന്നും സൈന്യം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."