അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: വഞ്ചിയൂർ കോടതി പരിസരത്ത് ജൂനിയർ അഭിഭാഷക ശ്യാമിലിയെ മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസ് ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് നിയമമന്ത്രി പി. രാജീവ്. ശ്യാമിലിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ഇക്കാര്യം വ്യക്തമാക്കി. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ സംഭവത്തെ അതീവ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്റെ പരിധിയിൽ വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈകിട്ട് 3.30ന് വഞ്ചിയൂർ കോടതിക്ക് മുന്നിലുള്ള ശ്യാമിലിയുടെ ഓഫീസിലെത്തിയാണ് മന്ത്രി അവരെ കണ്ടത്. സർക്കാർ പരിക്കേറ്റ അഭിഭാഷകയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർ കൗൺസിൽ ഗൗരവമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബെയ്ലിൻ ദാസിനെ ആറ് മാസത്തേക്ക് ബാർ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ, ബാർ അസോസിയേഷനും ബെയ്ലിനെ സസ്പെൻഡ് ചെയ്തിരുന്നു.
“നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. അഭിഭാഷക സമൂഹം മുഴുവൻ മർദനമേറ്റ ശ്യാമിലിയോടൊപ്പം നിൽക്കണം. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്,” മന്ത്രി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. പൊലീസ് സ്ഥലത്തെത്തും മുമ്പ് രക്ഷപ്പെടാൻ ചില അഭിഭാഷകർ സഹായിച്ചിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞത്, തന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും വേദന കാരണം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ്. “പ്രതിയെ ഉടൻ പിടികൂടണം. ബാർ കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. അവരിൽ നിന്ന് നല്ല പിന്തുണ ലഭിച്ചു. പൊലീസ് അന്വേഷണത്തിൽ അപാകതയില്ല,” അവർ പറഞ്ഞു. മർദനം ഓഫീസിലെ മറ്റുള്ളവരുടെ മുന്നിൽ വച്ചായിരുന്നുവെന്നും മുൻപ് ഗർഭിണിയായിരിക്കെ ബെയ്ലിൻ തന്നെ മർദിച്ചിരുന്നതായും ശ്യാമിലി വെളിപ്പെടുത്തി.
ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ പ്രമോദ്, ശ്യാമിലിയോടൊപ്പമാണ് അസോസിയേഷനെന്ന് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബെയ്ലിനെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണെന്നാണ് പരാതി.
പൊലീസ് ബെയ്ലിൻ ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിശോധിക്കും. കോടതികളിൽ ഇന്റേണൽ കമ്മിറ്റികൾ വേണോ എന്നും സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."