കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
അലിയൻസ് അരീന: ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തുകൊണ്ട് പാരീസ് സെയ്ന്റ് ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പാരീസിന്റെ ചരിത്രത്തിലെ ആദ്യ യുസിഎൽ കിരീടനേട്ടമാണിത്.
മത്സരത്തിൽ കിരീടം മാത്രമല്ല ഒരു അപൂർവ്വനേട്ടം കൂടിയാണ് ഇന്റർ മിലാന്റെ അർജന്റൈൻ താരം ലൗട്ടാരൊ മാർട്ടിനസിന് നഷ്ടമായത്. മത്സരത്തിൽ ഒരു ഗോൾ നേടാൻ മാർട്ടിനസിന് സാധിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഒരു സീസണിൽ നാല് നോക്ക് ഔട്ട് മത്സരങ്ങളിലും ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ അർജന്റൈൻ താരത്തിന് സാധിക്കുമായിരുന്നു. ഈ സീസണിൽ ഇൻ്ററിനായി യുസിഎല്ലിൽ ഒമ്പത് ഗോളുകൾ ആണ് മാർട്ടിനസ് നേടിയിട്ടുള്ളത്.
ലയണൽ മെസി, ഡീഗോ മിലിറ്റോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രാങ്ക് ലാംപാർഡ്, സാദിയോ മാനെ എന്നീ താരങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ നാല് നോക്കൗട്ട് ഘട്ടങ്ങളിലും ഇതുവരെ ഗോൾ നേടിയിട്ടുള്ളത്. പ്രീ ക്വാർട്ടറിൽ ഫെയർഡിനെതിരെ ഇരട്ട ഗോൾ നേടിയാണ് മാർട്ടിനസ് തിളങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരെ ഇരട്ട ഗോൾ നേടിയും താരം തിളങ്ങി. സെമി ഫൈനലിൽ ബാഴ്‌സലോണക്കെതിരെയും മാർട്ടിനസ് ഗോൾ നേടിയിരുന്നു.
ഈ സീസണിൽ മറ്റൊരു തകർപ്പൻ റെക്കോർഡും അർജന്റൈൻ താരം സ്വന്തമാക്കിയിരുന്നു. യൂറോപ്യൻ ടൂർണമെൻ്റുകളിൽ ഒരു സീസണിൽ ഇന്റർ മിലാനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാർട്ടിനസ് മാറിയിരുന്നു. 17 ഗോളുകൾ നേടിയ സാന്ദ്രോ മസോളോയുടെ റെക്കോർഡാണ് അർജന്റൈൻ താരം മറികടന്നത്.
അതേസമയം ചാമ്പ്യൻസ് ലീഗിന്റ കലാശപ്പോരാട്ടത്തിൽ പിഎസ്‌ജിക്കായി അഷറഫ് ഹക്കിമി (12'), ഡിസൈർ ഡൗ (20', 63'), ക്വിച്ച ഖ്വാരസ്കേലിയ (73'), സെന്നി മയൂലു (86') എന്നിവരാണ് ഗോളുകൾ നേടിയത്.
lautaro martinez miss to take rare record in UCL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."