'കുടുംബം പോറ്റാന്‍ എരിഞ്ഞ് തീരുന്നൊരപ്പനുണ്ടവിടെ പുകഞ്ഞ് തീരുന്നൊരമ്മയുണ്ടവിടെ അവിടെയാണെന്റെ സ്വര്‍ഗ്ഗം'; മൈത്രേയന്റെ ആധുനിക കുടുംബമെന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി വീട്ടമ്മ, കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍
കോഴിക്കോട്: യുക്തിവാദിയും സ്വതന്ത്രചിന്തകനുമായ മൈത്രേയന്റെ ആധുനിക കുടുംബമെന്ന ആശയത്തെ വിമര്‍ശിച്ചുകൊണ്ട് വീട്ടമ്മ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
കുടുംബം പിരിച്ചുവിടുമ്പോള്‍
കേരളത്തില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അതില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത പേരുകളിലൊന്നാണ് മൈത്രേയന്റേത്. നിത്യചൈതന്യ യതിയുടെ ശിഷ്യത്വം ഉപേക്ഷിച്ച്, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ട മൈത്രേയന്റെയും ജയശ്രീയുടെയും ജീവിതം ആരെയും അത്ഭുതപ്പെടുത്തും. മതനിരാസവാദത്തിന്റെയും യുക്തിവാദത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുത്ത അവരുടെ 'ആധുനിക ജീവിത സമ്പ്രദായത്തെക്കുറിച്ച്' കേരളീയ സമൂഹം ചുരുങ്ങിയത് മുപ്പത് വര്‍ഷം മുമ്പ്തന്നെ വിമര്‍ശനാത്കമായി ചര്‍ച്ച ചെയ്തിരുന്നു. വിശേഷിച്ചും, ''കുടുംബം പിരിച്ചുവിട്ടു കൊണ്ടുള്ള'' മൈത്രേയന്റെ പ്രസിദ്ധമായ വാര്‍ത്താ സമ്മേളത്തിനുശേഷം. അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പതിറ്റാണ്ടുകളായി. മൈത്രേയന്റെ 'ആധുനിക കുടുംബ'മെന്ന ആശയം മലയാളികള്‍ തള്ളിക്കളഞ്ഞതാണ്. എന്നാലിപ്പോള്‍, പല വ്‌ളോഗര്‍മാരും യൂട്യൂബര്‍മാരുമെല്ലാം മാറിമാറി മൈത്രേയന്റെ ആ പഴയ 'വീരഗാഥ' ചികയുകയാണ്. വലിയ ആവേശത്തോടെ മൈത്രേയന്‍ അത് ഓര്‍ത്തെടുത്ത് പറയുകയും ചെയ്യുന്നു. ഇതുകൊണ്ടുണ്ടായ കാര്യമെന്താണെന്ന് വെച്ചാല്‍ മൈത്രേയന്റെ 'ആധുനിക പൗരന്‍' എന്ന ആശയം വീണ്ടും ചര്‍ച്ചയാവുകയാണ്. സ്വാഭാവികമായും അതിന്റെ എതിര്‍വാദങ്ങളും കാര്യപ്രസക്തമായി ചര്‍ച്ചയാകേണ്ടതുണ്ട്. അതിനുള്ള എളിയ ശ്രമമാണ് ഈ കുറിപ്പ്.
മതപരമോ മതേതരമോ ആയ ഏത് പ്രത്യയശാസ്ത്രം വെച്ചുനോക്കിാലും ''പകരം വെക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ്'' കുടുംബമെന്ന് നിസ്സംശയം പറയാനാകും. ഇതൊരു പുത്തന്‍ ആശയമേ അല്ല. പുരാതനകാലം മുതല്‍ തന്നെ സംസ്‌കാരത്തിന്റെയും നാഗരികതകളുടെയും ആദ്യ പ്രതീകങ്ങളിലൊന്നായി കുടുംബം എന്ന സങ്കല്‍പം നിലയുറപ്പിച്ചിട്ടുണ്ട്. എനിയ്‌ക്കൊരു കുടുംബമുണ്ടെന്ന് പറഞ്ഞാല്‍ അതിലൊരു അഭിമാനമുണ്ട്. കുടുംബം പിരിച്ച് വിട്ടു എന്ന് പറയുന്നതില്‍ 'നാണക്കേടും സങ്കടവും വേദനയും ഒക്കെയുമുണ്ട്'. കാരണം ഇവിടേയും സ്ത്രീ വിധേയയാവുകയാണല്ലൊ. പെണ്ണിനെ ആദരിച്ച ചരിത്രമല്ലെ നമുക്കുള്ളത്? ഈ പരമ്പരാഗത സങ്കല്‍പത്തെയാണ് മൈത്രേയന്‍ വെല്ലുവിളിക്കുന്നത്. ഇത് കേവലമൊരു സങ്കല്‍പമല്ല ഇക്കാലമത്രയും മാനവരാശിയെ ഇവ്വിധം നിലനിര്‍ത്തിയ അടിസ്ഥാന ഘടകം കൂടിയാണ്. ഇതിനെയൊരാള്‍ വെല്ലുവിളിക്കുക എന്നാല്‍ ''ആത്യന്തികമായി അയാള്‍ മാനവരാശിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നാണര്‍ഥം''.
ഈ വിഷയത്തെ പല രീതിയില്‍ സമീപിക്കാമെങ്കിലും 'കുടുംബിനി' എന്ന നിലയില്‍ അല്‍പം വൈകാരികമായിതന്നെ ഇതിനെ നോക്കിക്കാണണമെന്ന് കരുതുന്നു.
നിനക്ക് 18 വയസ് പൂര്‍ത്തിയായി; എന്റെ ജോലി കഴിഞ്ഞു. ഇനി നിന്നെ 'പറക്കാനനുവദിച്ചു കൊണ്ട് കുടുംബം പിരിച്ചു വിടുന്നു'' ഇതായിരുന്നുവല്ലൊ
കനിയോടുള്ള മൈത്രേയന്റെ വിളംബരം. ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി കൂടിയാണ് അദ്ദേഹം പ്രഖ്യാപിച്ചതത്രെ. അതോടെ രണ്ട് സ്ത്രീകള്‍ നിരാശരായി: 18കാരിയായ മകളും 20 വര്‍ഷം തന്നോടൊപ്പം ജീവിച്ച പങ്കാളിയും. ഇവര്‍ രണ്ടുപേരും ഇതെങ്ങനെയാകും ഉള്‍കൊണ്ടിട്ടുണ്ടാവുക. പങ്കാളി ജയശ്രീ തന്നെ പറഞ്ഞുവല്ലൊ, ഈ പിരിച്ചുവിടല്‍ ഉള്‍കൊള്ളാന്‍ തനിക്ക് രണ്ട് വര്‍ഷം എടുത്തുവെന്ന്. ആ തുറന്നു പറച്ചില്‍ കേട്ടാലറിയാം അവരനുഭവിച്ച മാനസിക പിരിമുറുക്കം. സാഹചര്യത്തിന്റെ സമ്മര്‍ദ്ധത്തിന് അവര്‍ വിധേയയാകേണ്ടിവന്നു എന്ന് ചുരുക്കം. കാരണം ഒരു സ്ത്രീയ്ക്ക് താന്‍ സ്‌നേഹിച്ച പുരുഷനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. ''ഒരിക്കല്‍ സ്‌നേഹിച്ച് പോയതിന്റെ പേരില്‍ വര്‍ഷങ്ങളോളം അവള്‍ ഓര്‍ത്തോര്‍ത്ത് കരയും''.
കനിയെ പറ്റി പറഞ്ഞാല്‍ അച്ഛന്‍ നേതൃത്വം നല്‍കുന്ന വീട്ടില്‍ ജീവിക്കുന്നത് അത്ര
ആഹ്ലാദകരമാണ് എത്ര വയസായാലും അത് തരുന്ന 'മനോബലം' പ്രത്യേകിച്ച്
കുടുംബത്തിന്റെ കരുതലോടെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ 'സാമൂഹിക സദാചാര ബോധത്തിന്റെ' കെട്ടുറപ്പാണ്. മൈത്രേയനൊപ്പമുള്ള അഭിമുഖത്തില്‍ ജയശ്രീ പറഞ്ഞ സങ്കടപ്പെടുത്തിയ ഒരു കാര്യം ''രാത്രിക്കൂട്ടിന് ഒരാളുണ്ടാവുക കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക അത് തരുന്ന സുരക്ഷിതത്വ ബോധവും ആഹ്ലാദവും വളരെ വലുതാണെന്ന്' ഒന്നോര്‍ത്ത് നോക്ക്യേ എത്ര ഉള്ളിലൊതുക്കിയിട്ടാ മൈത്രേയന്റെ സാന്നിദ്ധ്യത്തില്‍ അവരത് പറഞ്ഞത്!.
ആകസ്മികമായുണ്ടാകുന്ന സൗന്ദര്യപിണക്കങ്ങളില്‍ പരസ്പരം തോറ്റ് കൊടുത്ത് ജയിച്ച് മുന്നേറുന്ന 'പരമ്പരാഗത'കുടുംബം വലിയ പുരോഗമന വര്‍ത്തമാനത്തിനിടയിലും അവര്‍ കൊതിക്കുന്നുവെന്നും അവര്‍ക്കത് നഷ്ടമായി എന്നും ഈ വാക്കുകളില്‍ വ്യക്തം. ആ അര്‍ഥത്തില്‍ മൈത്രേയന്റെ 'പിരിച്ചുവിടല്‍' പുരുഷാധിപത്യപരമായ ഇടപെടലാണ്. ഇത് സമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. അവിടെ 20 വര്‍ഷം കൂടെ ജീവിച്ച സ്ത്രീ അപഹസിക്കപ്പെട്ടു. ഇതിനേക്കാള്‍ ദയനീയമായിരിക്കും ആ 18കാരിയുടെ അവസ്ഥ.
മൈത്രേയന്റെ 'പുത്തന്‍' കുടുംബ സങ്കല്‍പത്തില്‍ ജീവിച്ചതിന്റെ കഷ്ടപ്പാടുകള്‍ (തനിക്ക് പേരിട്ടതുപോലും) കനി കുസൃതി ഇപ്പോള്‍ തമാശ രൂപേണ വിവരിക്കുന്നുണ്ടെങ്കിലും ആ കാലം അവര്‍ കഴിച്ചുകൂട്ടിയത് എങ്ങനെയെല്ലാമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ കുടുംബം പിരിച്ചുവിടുക എന്ന ആശയവും അതിന്റെ പ്രയോഗവുമെല്ലാം മൈത്രേയന്റെ ആവശ്യമായിരുന്നുവെന്നുവേണം മനസിലാക്കാന്‍. നോക്കൂ, പരമ്പരാഗത കുടുംബ സങ്കല്‍പത്തെ വെല്ലുവിളിച്ച് തുടങ്ങിയ ബദല്‍ സംവിധാനമായിരുന്നു മൈത്രേയന്റെ 'ആധുനിക കുടുംബം' അതൊരു അരാജക സംവിധാനമാണെന്ന് സ്വയം തെളിയുക മാത്രമല്ല; കുടുംബ നാഥന്റെ സമ്പൂര്‍ണ ഏകാധിപത്യത്തിലേക്കും അത് വഴിമാറി. പരമ്പരാഗത കുടുംബ സങ്കല്‍പത്തില്‍, ഇത്തരത്തില്‍ ഒരാള്‍ കുടുംബത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചാല്‍ അതിനെ ധാര്‍മികമായും നിയമപരമായുമെല്ലാം ചോദ്യം ചെയ്യാനും തിരുത്താനും ശിക്ഷിക്കാനുമെല്ലാം ഇവിടെ സംവിധാനമുണ്ട്. 'ആധുനിക കുടുംബ'ത്തില്‍ അതൊന്നുമില്ല. മാത്രവുമല്ല' അവിടെ സര്‍വം അരാജകവുമായിരുന്നു. അതിനെ സ്വാതന്ത്ര്യമായിട്ടാണ് അവര്‍ വിവക്ഷിക്കുന്നത്. ജയശ്രീയ്‌ക്കൊരു പ്രണയം നേരിട്ട് കണ്ടിട്ടും അത് അവരുടെ സ്വാതന്ത്രമാണെന്ന് മനസിലാക്കി മൈത്രേയന് അവിടെനിന്നും മാറിനില്‍ക്കേണ്ടി വന്നത് അതുകൊണ്ടുകൂടിയാണ്. പങ്കാളികള്‍ക്കിടയിലെ ഇത്തരം 'സ്വാതന്ത്രം' വിനിയോഗിക്കല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതില്‍ തര്‍ക്കമില്ല.
ഈ വിഷയത്തെ യുക്തിപരമായും സമീപിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം, മൈത്രേയന്‍ അടിസ്ഥാനപരാമായി യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമാണല്ലൊ. ഒരു ബദല്‍ ജീവിത വ്യവസ്ഥ എന്ന നിലയിലാണല്ലൊ മൈത്രേയന്‍ തന്റെ ആധുനിക കുടുംബ സങ്കല്‍പം കെട്ടിപ്പടുത്തിരിക്കുന്നത്. ഈ സങ്കല്‍പത്തില്‍, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെ കുടുംബം അപ്രസക്തമാണ്. കേരളത്തില്‍ ഇങ്ങനെ മൈത്രേയന്‍ മാത്രമേ ഉള്ളൂ (ചിലപ്പോള്‍ വിരലിലെണ്ണാവരുന്ന കുറച്ചപേര്‍ കൂടി കാണും; അറിയപ്പെടുന്ന യുക്തിവാദികളും സ്വതന്ത്ര ചിന്തകരുമെല്ലാം പരമ്പരാഗത കുടുംബ സങ്കല്‍പത്തിനൊപ്പമാണ്) എന്നതിനാല്‍ നമുക്കിത് ഒരു കൗതുകം മാത്രമാണ്. എന്നാല്‍ ഇത് ഒരു വ്യവസ്ഥയായി മാറിക്കഴിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു നോക്കു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയെത്തുന്നതോടെ രക്ഷിതാക്കള്‍ കുടുംബം പിരിച്ചുവിടും. പങ്കാളി സാമ്പത്തിക സ്വയം പര്യാപ്തയല്ലെങ്കില്‍ അവര്‍ എവിടെ പോകും? മക്കള്‍ ശാരീരികമോ മാനസികമോ ആയി അസുഖങ്ങളുള്ളവരാണെങ്കില്‍ അവരുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? പിരിച്ചുവിടപ്പെട്ട കുടുംബത്തിലെ ഗൃഹനാഥന്റെ വാര്‍ധക്യത്തില്‍ അവരുടെ സുരക്ഷ ആര് നോക്കും? ചോദ്യങ്ങള്‍ നിരവധിയാണ്. ഇതൊരു വ്യവസ്ഥയായി മാറിക്കഴിഞ്ഞാല്‍ അത് സാമൂഹികമായ വന്‍ ദുരന്തത്തിലേക്കായിരിക്കും പതിക്കുക. നമ്മുടെ പരമ്പരാഗത കുടുംബ സങ്കല്‍പങ്ങളില്‍ ആരോപിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ അംഗീകരിച്ചാല്‍പോലും, അതിനേക്കാള്‍ ഭയനാകമായിരിക്കും മൈത്രേയന്റെ 'ആധുനിക കുടുംബം' പ്രാവര്‍ത്തികമായാലുള്ള അവസ്ഥ. അതിനാല്‍ കേവലമൊരു ഫാന്റസി എന്നതിനപ്പുറം മൈത്രേയന്റെ കുടുംബ മഹിമയില്‍ ഒന്നുമില്ല.
ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചിരിക്കെ അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്വാതന്ത്രത്തെ എന്ത് പേരിട്ട് വിളിക്കും?
അതിന്റെ പോയ്‌സണ്‍ അതുകൊണ്ട് ആ വെസ്റ്റേണ്‍ കള്‍ച്ചര്‍ വില പോവില്ല. തുല്യതയൊക്കെ പറയും എന്നാല്‍ ഈ ഹൃദയം പങ്കിടല്‍ സഹിക്കില്ല. ഇതിനുള്ളിലെ ''വൈരുധ്യം'' കേവലം നമ്മുടെ പൈതൃകത്തെ ബഹുമാനിക്കുകയെങ്കിലും വേണ്ടേ. ഒരാളെ തിരിച്ചറിയാന്‍ കുടുംബത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നതിനുള്ളിലെ ഫാന്റസി ഹൊ! സദാചാര ബോധത്തിന്റെ അടിത്തറയായ കുടുംബത്തിനുള്ളിലെ കൂട്ട ചിരിയില്ലാതെ ജീവിതം എങ്ങനെ കളറാകും. സര്‍വ്വോപരി ''ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ പണിപ്പുരയാണ് കുടുംബം''
ഒരാളുടെ വ്യക്തിത്വരൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്ന അച്ഛന്‍ മനുഷ്യത്വത്തിന്റെ അപാരത പറഞ്ഞ് പഠിപ്പിച്ച് കൂടൊഴിയുന്നു. നമ്മുടെ ഓര്‍മ്മകളും കാല്‍പ്പാടുകളും മായാതെ കിടക്കുന്നിടം എങ്ങനെ സാധ്യമാകും? കുടുംബം പോറ്റാന്‍ എരിഞ്ഞ് തീരുന്നൊരപ്പനുണ്ടവിടെ പുകഞ്ഞ് തീരുന്നൊരമ്മയുണ്ടവിടെ അവിടെയാണെന്റെ സ്വര്‍ഗ്ഗം എന്ന് ഓരോ മനുഷ്യനും തന്നോട് തന്നെ പറയുന്ന 'ഹൃദ്യമായ കഥയാണ് കുടുംബം' എങ്ങോട്ട് പോയാലും നമ്മെ പിടിച്ച് വലിക്കുന്നിടം. തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച് ചിറക് മുളപ്പിച്ച് ഇപ്പൊ കൂട് വിട്ട് പോകാന്‍ പറയുന്നൊരച്ഛന്‍.
അളവില്ലാത്ത സ്‌നേഹവുമായി കണ്ണും നട്ട് കാത്തിരിക്കാനൊരു പെണ്ണ് എന്റെ കളിതമാശകള്‍ ആസ്വദിക്കുന്നിടം, പങ്ക് വെക്കലിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയിടം അങ്ങനെ എന്തൊക്കെ ഓര്‍മ്മകളാണ് പുരുഷന് കുടുംബം സമ്മാനിക്കുന്നത്. ഭൂമിയില്‍ ഓരോ മനുഷ്യന്റേയും നിലനില്‍പ്പിനെ പിടിച്ച് താങ്ങിനിര്‍ത്തുന്നത് കുടുംബമാണെന്ന് മറക്കരുത്. അപ്പൊ കുടുംബ ബന്ധങ്ങള്‍ക്ക് ഇളക്കം തട്ടിയെന്ന ഓര്‍മ്മപ്പെടുത്തലല്ലെ കുടുംബം പിരിച്ച് വിടല്‍.
റസിയ പയ്യോളി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."