അയ്യപ്പ സംഗമം കേരളത്തിന്റെ അഭിവൃദ്ധിക്ക്; വിമര്‍ശിക്കുന്നവര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍: ഇ.പി ജയരാജന്‍
കണ്ണൂര്‍: അയ്യപ്പസംഗമം കേരളത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍. ശബരിമല വളര്‍ന്നാല്‍ കേരളം വികസിക്കും. അതുപോലെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ വളര്‍ന്നുവരുന്നത് നാടിന്റെ ഐശ്വര്യമാണെന്നും ശബരിമലയുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.
വിശ്വാസം വ്യക്തിപരമായ കാര്യമാണ്. അത് സംരക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്നും അതിനെ രാഷ്ട്രീയമെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കാണ് യഥാര്‍ഥ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളതെന്നും ഇപി പറഞ്ഞു.
''പമ്പയില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള സമ്മേളനമാണ് നടന്നത്. അയ്യപ്പസംഗമം പരാജയമാണെന്ന് കരുതുന്നവര്‍ കരുതിക്കോട്ടെ. ഞങ്ങള്‍ അതിനോട് യോജിക്കുന്നില്ല. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുണ്ട്. ലോകത്തില്‍ ഇത്തരത്തില്‍ അനവധി പുണ്യകേന്ദ്രങ്ങളുണ്ട്. ശബരിമല,ഗുരുവായൂര്‍,തിരുപ്പതി,പഴനി, ഇവിടെയല്ലാം ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി വലിയ തോതിലുള്ള സാമ്പത്തിക പ്രവാഹം ഉണ്ടാകും. മക്കയും മദീനയുമൊക്കെ ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ആ പുണ്യകേന്ദ്രങ്ങളില്‍ എത്രപേരാണ് വരുന്നത്. സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരുഭാഗം തന്നെ അതാണ്. ലക്ഷക്കണക്കിന് ആളുകളുടെ സന്ദര്‍ശനം കൊണ്ട് നാട് വളരുകയാണ്. കേരളത്തില്‍ ലോകത്തിന്റെ എല്ലാഭാഗത്ത് നിന്നും അയ്യപ്പഭക്തന്മാര്‍ വരുന്നു. അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുക. ക്ഷേത്രത്തിനും വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയും. ഇനി ആര്‍.എസ്.എസ് എന്നല്ല ആര്‍ക്ക് വേണമെങ്കിലും ഇത്തരത്തില്‍ സംഗമം സംഘടിപ്പിക്കവുന്നതാണ്. ഇതൊരു അന്താരാഷ്ട്ര നിലവാരത്തില്‍ വളര്‍ത്തിയെടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിച്ചത്. അത് കേരളത്തിന്റെ താല്‍പര്യമാണ്. അത് പത്തനംതിട്ടയുടെയും കോട്ടയത്തിന്റെയും എറണാകുളത്തിന്റെയുമൊക്കെ വലിയതോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകും'' ഇപി വിശദീകരിച്ചു.
അസഹിഷ്ണുത കാരണമാണ് യു.ഡി.എഫ് ഇതിനെ എതിര്‍ക്കുന്നത്. യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത് യു.പി മുഖ്യമന്ത്രി എന്ന നിലയിലാണ്. രാഷ്ട്രീയ വിയോജിപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചതെന്നും ഇ.പി പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ എത്തിയതില്‍ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."