ജീവനക്കാർ കുറവ്; സഹകരണ ടീം ഓഡിറ്റ് കാര്യക്ഷമമാകില്ല
തൊടുപുഴ: സഹകരണ ഓഡിറ്റ് സംവിധാനം കുറ്റമറ്റ രീതിയിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ടീം ഓഡിറ്റ്, ജീവനക്കാരുടെ കുറവ് മൂലം കാര്യക്ഷമമാകില്ലെന്ന് ആശങ്ക. വിവിധ തസ്തികകളിലായി 92 ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്. 2024 ജൂൺ ഏഴിന് പ്രാബല്യത്തിൽ വന്ന കേരള സഹകരണ സംഘം നിയമ ഭേദഗതി പ്രകാരം ടീം ഓഡിറ്റ് നടപ്പാക്കുന്നതിന് തയാറാക്കിയ ഇടക്കാല സ്‌കീമിന് സർക്കാർ അംഗീകാരം നൽകിയിരുന്നു.
അതാത് സംഘങ്ങളുടെ പ്രവർത്തന മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ടീമും ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങളുടെ എണ്ണം ഇടക്കാല സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയരക്ടർ ടീം, അസിസ്റ്റന്റ് ഡയരക്ടർ ടീം, ഓഡിറ്റർ ടീം, യൂനിറ്റ് ഓഡിറ്റർ ടീം എന്നിങ്ങനെയാണ് ടീം ഓഡിറ്റിന് ഘടന നിശ്ചയിച്ചിരിക്കുന്നത്. 100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്‌പെഷൽ ഗ്രേഡ് / സീനിയർ ഓഡിറ്റർമാരും 100 കോടിക്കും 500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളിൽ അസി. ഡയരക്ടർമാരും 500 കോടിക്ക് മുകളിലുള്ള സംഘങ്ങളിൽ ഡെപ്യൂട്ടി ഡയരക്ടറുമാണ് ടീം ലീഡർമാർ. ടീം ഓഡിറ്റ് നേതൃത്വത്തിന് നിശ്ചയിച്ച തസ്തികയില്ലെങ്കിൽ അതിന് തൊട്ടു താഴെയുള്ള തസ്തികയിലെ ഉദ്യോഗസ്ഥരെ കൊണ്ട് ഓഡിറ്റ് നിർവഹിക്കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാറുടെ നിർദേശം.
ഉയർന്ന തസ്തികയിലുള്ള ഓഡിറ്റർ നേതൃത്വം കൊടുക്കുന്ന ടീമിനുള്ള ഓഡിറ്റ് കോസ്റ്റ് മുൻകൂറായി അടയ്ക്കുന്ന സഹകരണ സംഘത്തിന് താഴ്ന്ന തസ്തികയിലുള്ള ഓഡിറ്റർ നേതൃത്വം കൊടുക്കുന്ന ടീമിന്റെ സേവനം മാത്രം ലഭിക്കുന്ന അസാധാരണ സാഹചര്യം കൂടി ജീവനക്കാരുടെ കുറവ് മൂലം സംജാതമാകും. ഓഡിറ്റ് കോസ്റ്റ് സംഘങ്ങളിൽ നിന്നു തന്നെ ഈടാക്കുന്നതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ തസ്തിക സൃഷ്ടിക്കാൻകഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
1981 ലെ ഉദ്യോഗസ്ഥ പാറ്റേണാണ് നിലവിൽ സഹകരണ വകുപ്പിലുള്ളത്. അന്ന് 5000 സഹകരണ സ്ഥാപനങ്ങളും 800 ശാഖകളും അയ്യായിരത്തോളം ഫയലുകളും 10,000 കോടിയുടെ നിക്ഷേപവുമെ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ, 23000 ത്തോളം സഹകരണ സ്ഥാപനങ്ങളും 12600 ഓളം ശാഖകളും നാല് ലക്ഷത്തിലധികം ഫയലുകളും രണ്ടു ലക്ഷം കോടി നിക്ഷേപവും സഹകരണ മേഖലയിലുണ്ട്. 272 യൂനിറ്റ് ഇൻസ്‌പെക്ടർമാരും 437 യൂനിറ്റ് ഓഡിറ്റർമാരുമാണ് നിലവിലുള്ളത്.
ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരാത്തതും വൻ ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്നുണ്ട്. അംഗീകൃത സ്‌കീം പ്രകാരമുള്ള മുഴുവൻ തസ്തികകളും സൃഷ്ടിച്ച് 2025 - 26 വർഷത്തെ ഓഡിറ്റ് ആരംഭിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിയേഷ് സി.പി, ജനറൽ സെക്രട്ടറി യു.എം ഷാജി എന്നിവർ സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."