തിളച്ച പാല്‍പാത്രത്തില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് സ്‌കൂളിലെ അടുക്കളയില്‍ വച്ച്
അനന്ത്പൂര്‍: തിളച്ച പാല്‍ നിറച്ച പാത്രത്തില്‍ വീണ് പൊള്ളലേറ്റ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. അനന്ത്പൂര്‍ ജില്ലയിലെ ബുക്കരായസമുദ്രം ഗ്രാമത്തിലെ അംബേദ്കര്‍ ഗുരുകുല സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്.
അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയതായിരുന്നു മകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ചൂടുള്ള പാല്‍ തണുപ്പിക്കുന്നതിനായി സീലിംഗ് ഫാനിനടിയില്‍ സൂക്ഷിച്ചിരുന്നു. ആദ്യം അമ്മയ്‌ക്കൊപ്പം അടുക്കളയില്‍ എത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം തന്നെ മടങ്ങുകയും ചെയ്തു. പിന്നാലെ ഒരു പൂച്ചയെ പിന്തുടര്‍ന്ന കുട്ടി വീണ്ടും അടുക്കളയിലെത്തുകയായിരുന്നു.
തിളച്ച പാല്‍ സൂക്ഷിച്ചിരുന്ന പാത്രത്തിനരികിലേക്ക് എത്തിയ കുട്ടി തട്ടിതടഞ്ഞ് അബദ്ധത്തില്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അമ്മ പെട്ടന്ന് തന്നെ അകത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം അനന്ത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടി മരണപ്പെടുകയായിരുന്നു.
English Summary: A one-and-a-half-year-old girl succumbed to her burn injuries after she accidentally fell into a pot of boiling milk kept inside a school kitchen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."