ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍
ജയ്പൂര്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ആല്‍വാര്‍ സ്വദേശി മംഗത് സിങ് ആണ് രാജസ്ഥാന്‍ ഇന്റലിജന്‍സിന്റെ പിടിയിലായത്. ഒന്നിലധികം രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. ഏകദേശം രണ്ട് വര്‍ഷമായി പ്രതി പാക് ചാര ഏജന്റുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിവരികയും ആര്‍മി കന്റോണ്‍മെന്റിനെക്കുറിച്ചും മേഖലയിലെ മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചും ഉള്‍പ്പെടെയുള്ള സൈനിക രഹസ്യങ്ങള്‍ പങ്കിടുന്നതായി കണ്ടെത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ദേശീയ തലസ്ഥാന മേഖലയുടെ (എന്‍.സി.ആര്‍) ഭാഗമായ ആല്‍വാര്‍ പ്രതിരോധ, സുരക്ഷാ രംഗത്ത് ഏറെ പ്രാധാന്യമുള്ളതാണ്.
പാകിസ്ഥാനെതിരായ ഓപറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് രാജ്യത്ത് സോഷ്യഷ മീഡിയാ ഇന്‍ഫ്ലുവന്‍സര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികരും അടക്കം രണ്ട് ഡസനിലേറെ ചാരന്‍മാരെയാണ് ഇതുവരെ അറസ്റ്റ്‌ചെയ്തത്. ഇതില്‍ കൂടുതലും അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍ സ്വദേശികളാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ രാജസ്ഥാന്‍ ഇന്റലിജന്‍സ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. ആല്‍വാര്‍ കന്റോണ്‍മെന്റ് പ്രദേശത്തെ നിരീക്ഷണത്തിനിടെ, മംഗതിന്റെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതോടെ വിശദമായി അന്വേഷിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് വരെ മംഗത് പാക് ഏജന്റുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് ഡി.ഐ.ജി ഇന്റലിജന്‍സ് രാജേഷ് മീല്‍ പറഞ്ഞു. രണ്ട് പാക് നമ്പറുകളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുകയും അതിന്റെ പേരില്‍ വലിയ തുക ലഭിക്കുകയും ചെയ്തുവെന്നും കണ്ടെത്തി.
സോഷ്യല്‍ മീഡിയയില്‍ 'ഇഷ ശര്‍മ' എന്ന വ്യാജ പേരിലുള്ള പാക് വനിതയുടെ കെണിയില്‍ ഇയാള്‍ കുടുങ്ങുകയാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."