നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി
ന്യൂഡൽഹി: ഡൽഹി എയിംസിലെ നേഴ്സുമാരുടെ പ്രതിഷേധം ഫലം കണ്ടു. വനിതാ നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയെ തുടർന്ന് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. എ.കെ. ബിസോയിയെ തൽസ്ഥാനത്തു നിന്ന് നീക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തിയതായി അധികൃതർ അറിയിച്ചു.
ഡോ. എ.കെ. ബിസോയിക്കെതിരെ വനിതാ നേഴ്സുമാരിൽ നിന്ന് വ്യാപക പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം നേഴ്സുമാരോട് അശ്ലീലവും അധിക്ഷേപകരവുമായ രീതിയിൽ സംസാരിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എയിംസ് നഴ്സ് യൂണിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു.
നഴ്സ് യൂണിയന്റെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന് അറിയിച്ചതോടെ എയിംസ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായി. തുടർന്ന് പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തുകയും ചെയ്തു. വകുപ്പിന്റെ താൽക്കാലിക ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയതായും അധികൃതർ വ്യക്തമാക്കി.
നേഴ്സുമാരുടെ പ്രതിഷേധവും ഐക്യദാർഢ്യവും ഫലപ്രദമായ നടപടിക്ക് വഴിവെച്ചതായി യൂണിയൻ അംഗങ്ങൾ പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതിയും തുടർനടപടികളും ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നും അവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."