ലഡാക്ക് പ്രക്ഷോഭം; സോനം വാങ്ചുക് അറസ്റ്റില്‍
ലേ: ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ സോനം വാങ്ചുക് അറസ്റ്റില്‍. സോനത്തിന്റെ പൊലിസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.
ലഡാക്കിലുണ്ടായ യുവജന പ്രക്ഷോഭത്തിന്റെ കാരണക്കാരന്‍, സമരനായകന്‍ സോനം വാങ്ചുക്കാണെന്നും അദ്ദേഹത്തിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ജനങ്ങളെ ഇളക്കിവിട്ടതെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹത്തിനെതിരെ സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
അനുമതിയില്ലാതെ വിദേശ സംഭാവന സ്വീകരിച്ചുവെന്ന കുറ്റമാരോപിച്ചാണ് വാങ്ചുക്കിനെതിരെ അന്വേഷണം. സോനം വാങ്ചുക്കിന്റെ സംഘടനകള്‍ക്കുണ്ടായിരുന്ന വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (എഫ്.സി.ആര്‍.എ) കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ചട്ടംലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചതായും കഴിഞ്ഞ ഫെബ്രുവരിയില്‍ സോനം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായുമുള്ള ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് സ്ഥാപനങ്ങളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയത്.
വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (എസ്.ഇ.സി.എം.ഒ.എല്‍), ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്ക് (എച്ച്.ഐ.എ.എല്‍) എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ആരോപണം.
ഒരാഴ്ചയായി ലഡാക്കിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്.
വാങ്ചുക്ക് സ്ഥാപിച്ച സ്‌കൂളുകളിലും മറ്റ് സേവന സ്ഥാപനങ്ങളിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ലഡാക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങിയതിനു പിന്നാലെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.
സമരക്കാര്‍ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഡാക്ക് അപെക്‌സ് ബോഡിയുമായി ഒക്ടോബര്‍ ആറിന് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍, കേന്ദ്രനിലപാട് തള്ളിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഇതിനുപിന്നില്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനകളാണ്. അറബ് വസന്തത്തെ കുറിച്ചും നേപ്പാളിലെ ജെന്‍സി പ്രക്ഷോഭത്തെ കുറിച്ചും പ്രകോപനപരമായ പ്രസംഗം നടത്തിയത് ജനങ്ങളെ ഇളക്കിവിടാനാണെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പ് ഉന്നതാധികാര സമിതിയുമായുള്ള ചര്‍ച്ചകളിലെ പുരോഗതിയില്‍ തൃപ്തരല്ലാത്ത ചിലരാണ് അക്രമത്തിനു പിന്നില്‍. അവരുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. സ്വയംഭരണ പ്രദേശമെന്ന ആവശ്യവുമായി ലഡാക്ക് അപെക്‌സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് ലേയില്‍ യുവാക്കളും വിദ്യാര്‍ഥികളും തെരുവിലിറങ്ങിയത്. പൊലിസ്, സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ ഓഫിസിനു നേരെ കല്ലെറിഞ്ഞു.
ലേയിലെ ബി.ജെ.പി ഓഫിസിന് തീയിട്ടു. തുടര്‍ന്ന് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും എഴുപതില്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."