പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. സ്കൂളുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിരോധിച്ചിട്ടില്ല. സ്‌കൂളുകളിൽ ആകെ 10 ദശലക്ഷം വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നും അതിൽ 2.8 ദശലക്ഷം പെൺകുട്ടികളാണെന്നും മുത്തഖി പറഞ്ഞു.
ബിരുദാനന്തര ബിരുദം വരെ ഈ വിദ്യാഭ്യാസ അവസരം ലഭ്യമാണ്. പ്രത്യേക ഭാഗങ്ങളിൽ ചില പരിമിതികളുണ്ട്. എന്നാൽ അതിനർത്ഥം ഞങ്ങൾ വിദ്യാഭ്യാസത്തെ എതിർക്കുന്നു എന്നല്ല. ഞങ്ങൾ അത് മതപരമായി 'ഹറാം' ആയി പ്രഖ്യാപിച്ചിട്ടില്ല - അദ്ദേഹം വ്യക്തമാക്കി
ഇന്ത്യയിൽ നടന്ന സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് വനിത മാധ്യമപ്രവർത്തകരെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും മുത്തഖി വിശദീകരിച്ചു. പെട്ടെന്ന് വിളിച്ച വാർത്താസമ്മേളനമായതിനാൽ വന്ന സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്നും മുത്തഖി കൂട്ടിച്ചേർത്തു. സംഭവം ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണ് താലിബാൻ വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.
താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ, എംബസിയിലെ സമ്മേളന ഹാളിൽ താലിബാൻ പതാക സ്ഥാപിച്ചു. ആദ്യമായാണ് താലിബാന്റെ പതാക എംബസിയിൽ വെക്കുന്നത്. ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ചബഹാർ തുറമുഖമടക്കം സുപ്രധാന വിഷയങ്ങൾ ചർച്ചയായെന്ന് അമീർ ഖാൻ മുത്തഖി പറഞ്ഞു.
ഖനനം, ആരോഗ്യ സംരക്ഷണം, കൃഷി, കായിക മേഖലകളിൽ നിക്ഷേപം നടത്തുന്ന കാര്യവും ചർച്ചയായി. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വാഗ അതിർത്തി ക്രോസിംഗ് വീണ്ടും തുറക്കണമെന്ന കാര്യവും അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."