സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഇന്ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരനായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാളുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പാലക്കാട് ജില്ലയിൽ നിന്ന് ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രോഗി പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും ചികിത്സക്കായി എത്തി. പിന്നാലെ ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന സൂചന ലഭിച്ചത്.
എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ തുടരുന്ന രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം കണ്ടെത്താൻ പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു.
അമീബിക് മസ്തിഷ്ക ജ്വരം
അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് രോഗത്തിന്റെ പ്രധാന കാരണം.
മലിനമായ കുളങ്ങളിലോ പുഴകളിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണ പടലത്തിലെ സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇത് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."