കിഴക്കേകോട്ടയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി ഇടവഴിയിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാംമൂട്, അഴുകറത്തല സ്വദേശി അബു താഹിർ (26) ആണ് പിടിയിലായത്. ജൂലൈ 27-നാണ് സംഭവം നടന്നത്.
പ്ലാമൂട്ടിലെ സ്വകാര്യ ട്രെയിനിങ് അക്കാദമിയിലേക്ക് പോകാനായി കിഴക്കേകോട്ടയിൽ ബസ് കാത്തുനിന്ന പെൺകുട്ടിയെ, പ്ലാമൂട്ടിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം നൽകി ഓട്ടോയിൽ കയറ്റുകയായിരുന്നു. എന്നാൽ, യാത്രക്കിടെ പെൺകുട്ടിയെ ഒരു ഇടവഴിയിലേക്ക് കൊണ്ടുപോയ പ്രതി, ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു.
സംഭവം പെൺകുട്ടി കൗൺസിലിങിനിടെ അധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് പുറംലോകം അറിഞ്ഞത്. അധ്യാപിക വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സിഡബ്ല്യുസി) അറിയിക്കുകയും, അവർ പൊലിസിൽ വിവരം എത്തിക്കുകയും ചെയ്തു. തുടർന്ന് എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാല സുബ്രഹ്മണ്യൻ എന്നിവർ അടങ്ങിയ സംഘം അബു താഹിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ (Protection of Children from Sexual Offences) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ പൊലിസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."