'ഇതാണ് എന്റെ ജീവിതം'; ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബര്‍ 3ന് പ്രകാശനം ചെയ്യും. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. 'ഇതാണ് എന്റെ ജീവിതം' എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്‌സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
നേരത്തെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. 'കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേരിലാണ് നേരത്തെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിലെ ചില ഭാഗങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പുസ്തകം തന്റെ അനുമതിയോടെയല്ല ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചതെന്നും അതില്‍ വന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.
നവംബര്‍ 13ന് വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.
പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.സി ബുക്സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ.വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
English Summary: Veteran CPI(M) leader E.P. Jayarajan will officially launch his autobiography titled ‘Idhaan Ente Jeevitham’ (This is My Life) on November 3 in Kannur, with Kerala Chief Minister Pinarayi Vijayan scheduled to release the book. The autobiography is being published by Mathrubhumi Books.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."