ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും ഇ.ഡി പരിശോധിക്കും. സാമ്പത്തിക ഇടപാടുകളും പണപ്പിരിവും കള്ളപ്പണ ഇടപാടുകളുമുള്‍പ്പെടെ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനമെടുക്കും.
പ്രത്യേക അന്വേഷണസംഘത്തിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഇ.ഡി ആവശ്യപ്പെടും. എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും ഇ.ഡി തുടര്‍നടപടികളെടുക്കുക.
അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീളുകയാണ്. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ്.ഐ.ആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറുള്‍പ്പെടെ ഉള്ളവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ ദേവസ്വം വകുപ്പില്‍നിന്ന് വിരമിച്ചവരും രണ്ടു പേര്‍ സര്‍വിസില്‍ തുടരുന്നവരുമാണ്. രണ്ടിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി.
ദേവസ്വം കമ്മിഷണര്‍ സുനില്‍ കുമാറിന്റെ പരാതിയില്‍ ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കടത്തിയതില്‍ വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യത്തെ സംഭവം നടന്നത് 2019 മാര്‍ച്ചിലും രണ്ടാമത്തേത് ഓഗസ്റ്റിലുമായതിനാലാണ് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന വകുപ്പു കൂടി ചുമത്താന്‍ ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
English Summary: The Enforcement Directorate (ED) has initiated a preliminary investigation into the high-profile Sabarimala gold theft case, following the FIRs registered by the Kerala Crime Branch. The ED will examine the Devaswom Vigilance report, witness statements, and investigate potential links to money laundering, financial irregularities, and black money transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."