പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
കൊച്ചി: പാലിയേക്കര ടോൾ പിരിവ് വിലക്കികൊണ്ടുള്ള ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് തുടരാൻ കോടതി നിർദേശം നൽകിയത്. ഈ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റി നൽകിയ ഹരജിയിൽ കോടതി ഉത്തരവ്. ടോൾ പിരിവ് പുനരാരംഭിക്കുന്ന വിഷയത്തിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദേശീയ പാത അതോറിറ്റിയുടെ ഹരജി പരിഗണിക്കവേ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിവരം തേടി. ആകെ 60 കിലോമീറ്റർ റോഡിനാണ് ടോൾ പിരിക്കുന്നത്. എന്നാൽ ഈ ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എ.ജി അറിയിച്ചത്. റോഡിൽ എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടർ മറുപടി നൽകി. ഓൺലൈനായാണ് തൃശൂർ കളക്ടർ ഹൈക്കോടതിയിൽ ഹാജരായത്.
ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങൾ മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവർക്കും അത് വ്യക്തമായി അറിയാമെന്ന് ഹൈക്കോടതി എ.ജിക്ക് മറുപടി നൽകി. ദേശീയപാത അതോറിറ്റി മനപ്പൂർവം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എ.ജിയും കോടതിയിൽ വാദിച്ചു.
പിന്നാലെ, ഇപ്പോൾ ഏതെങ്കിലും ഇടങ്ങളിൽ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്ടറോട് ഹൈക്കോടതി ചോദിച്ചു. തുടർന്ന് കളക്ടർ ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കാനും കോടതി നിർദേശം നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോൾ പിരിക്കാവുവെന്ന സുപ്രിംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."