പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ലളിതമാക്കി ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒ. അംഗങ്ങള്‍ക്ക് അവരുടെ ഇ.പി.എഫ് ബാലന്‍സിന്റെ 100 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്ന സുപ്രധാന തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇ.പി.എഫ്.ഒ.
ഇതനുസരിച്ച് ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിഎഫ് അക്കൗണ്ടില്‍ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാം. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗത്തിലാണ് തീരുമാനം.
പ്രത്യേക സാഹചര്യങ്ങളില്‍ കാരണം വ്യക്തമാകാതെ തന്നെ ഫണ്ട് പിന്‍വിലക്കാനും അനുമതിയായിട്ടുണ്ട്. തുക പിന്‍വലിക്കാനുള്ള ചുരുങ്ങിയ സര്‍വീസ് 12 മാസമാക്കി കുറച്ചു. നേരത്തെ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ.
അംഗത്തിന് ജോലിയില്ലാതെ ഒരു മാസത്തിനുശേഷം പിഎഫ് ബാലന്‍സിന്റെ 75 ശതമാനം പിന്‍വലിക്കാനും രണ്ടു മാസത്തിനുശേഷം ബാക്കി 25 ശതമാനം പിന്‍വലിക്കാനുമായിരുന്നു അനുവാദമുണ്ടായിരുന്നത്. വിരമിക്കുമ്പോള്‍, ബാലന്‍സ് പരിധിയില്ലാതെ പണം പിന്‍വലിക്കാനും അനുവദിച്ചിരുന്നു. സാധാരണ രീതിയില്‍ അനുവദനീയമായ പരമാവധി പിന്‍വലിക്കല്‍ അര്‍ഹമായ തുകയുടെ 90ശതമാനമായിരുന്നു. അതായത് ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിര്‍മാണത്തിനോ, ഇ.എം.ഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍, ഇ.പി.എഫ് അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടിലുള്ള മൂലധനത്തിന്റെ 90ശതമാനം വരെ പിന്‍വലിക്കാനാണ് അനുവാദമുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 100 ശതമാനമാക്കിയത്.
ഇ.പി.എഫ് സ്‌കീമിലെ 13 സങ്കീര്‍ണ വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് മൂന്ന് വിഭാഗമാക്കിയാണ് ഭാഗിക പിന്‍വലിക്കല്‍ ഉദാരമാക്കിയത്. വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള പിന്‍വലിക്കല്‍ അഞ്ച് തവണയാക്കി.
അതേസമയം, അംഗങ്ങള്‍ എല്ലായ്പ്പോഴും 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് പലിശ നിരക്ക് (നിലവില്‍ 8.25 ശതമാനം വാര്‍ഷിക പലിശ) ലഭിക്കാന്‍ സഹായിക്കും.
കേസുകള്‍ കുറയ്ക്കുന്നതിനായി 'വിശ്വാസ് പദ്ധതി' ആരംഭിക്കും. ഡോര്‍സ്റ്റെപ്പ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, പ്രൊവിഡന്റ് ഫണ്ട് സേവനങ്ങള്‍ നവീകരിക്കുന്നതിനുള്ള ഇപിഎഫ്ഒ 3.0 യുടെ അംഗീകാരം എന്നിവ മറ്റ് പ്രധാന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.
employees can now withdraw 100% of their provident fund (pf) savings as per the latest epfo update. learn about the new relaxed rules, eligibility, and withdrawal process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."