'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം
കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന മെസിയുടെയും കൂട്ടരുടെയും വരവ് വീണ്ടും ചോദ്യമാകുന്നു. നവംബറിൽ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അർജന്റീന ടീം കേരളത്തിലേക്ക് ഉണ്ടാകില്ലെന്ന് വ്യക്തമായി. അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് അർജന്റീന ഈ സമയത്ത് സ്‌പെയിനിൽ ആയിരിക്കുമെന്ന് വ്യക്തമായത്.
നവംബറിൽ ടീം സ്പെയിനിൽ പരിശീലനത്തിന് പോകും എന്നാണ് എഎഫ്എ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചത്. സ്പെയിനിലെത്തുന്ന ടീം അംഗോളയുമായി സൗഹൃദ മത്സരം നടത്തും. നവംബറിലെ ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായിട്ടായിരിക്കുമെന്നും എഎഫ്എയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിരുന്നെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പോസ്റ്റിൽ ഇതുസംബന്ധിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ മത്സരം മാറ്റിയെന്നോ മറ്റോ എഎഫ്എ പറയാത്തത് കേരളത്തിലേക്കുള്ള വരവിൽ വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നു.
അർജൻറീന കൊച്ചിയിൽ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ മത്സരത്തെ സംബന്ധിച്ചും തുടക്കം മുതൽ അനിശ്ചിതത്വം ഉണ്ട്. അർജൻറീനയുടെയോ ഓസ്‌ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
അതേസമയം, കേരളത്തിലേക്കുള്ള വരവ് ഒഴിവാക്കിയിട്ടില്ലെന്നും അടുത്ത വിൻഡോയിൽ ആയിരിക്കുമെന്നാണ് മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ടിവിയുടെ പ്രതികരണം. ഫിഫയുടെ അനുമതി ലഭിക്കാത്തതും സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകാത്തതുമാണ് കാരണമെന്നും ഇവർ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."