മരുഭൂമിയുടെ സ്വപ്‌നം തന്നെ.!; പശ്ചിമേഷ്യയിലെ ആദ്യ ഫൈവ്സ്റ്റാര്‍ ട്രെയിനായ 'ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്' റിസര്‍വേഷന്‍ ഉടന്‍; കോച്ചിന്റെ രൂപം പുറത്ത് | Saudi's ‘Dream of the Desert’
ജിദ്ദ: മധ്യപൗരസ്ത്യദേശത്തെ ആദ്യ പഞ്ചനക്ഷത്ര ട്രെയിന്‍ സര്‍വീസായ ആയ ഡ്രീം ഓഫ് ദി ഡെസേര്‍ട്ടിലെ (മരുഭൂമിയുടെ സ്വപ്‌നം) ടിക്കറ്റ് റിസര്‍വേഷനുകള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും. സൗദി അറേബ്യ റെയില്‍വേയ്‌സ് കമ്പനിയും ആഡംബര ട്രെയിന്‍ നിര്‍മാണ മേഖലയിലെ മുന്‍നിര കമ്പനിയായ ഇറ്റലിയുടെ ആഴ്‌സണലിയും തമ്മിലുള്ള പങ്കാളിത്തത്തോടെയാണ് സര്‍വിസ് തുടങ്ങുന്നത്. റിയാദിനും വടക്കന്‍ സൗദിക്കുമിടയില്‍ 1,300 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടിലാണ് ആദ്യഘട്ടത്തില്‍ ഈ ഫൈവ് സ്റ്റാര്‍ ലക്ഷ്വറി ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. എക്‌സ്‌ക്ലൂസീവ് ടൂറുകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ഓരോ അതിഥിക്കും വ്യക്തിഗത സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലൂടെ ആഡംബരത്തിന്റെയും അസാധാരണ അനുഭവങ്ങളുടെഒരു മിശ്രിതം ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.
ആഡംബരപൂര്‍ണമായ ഉള്‍വശം
ട്രെയിനിന്റെ ഉള്‍വശം ശരിക്കും കണ്ണുകള്‍ക്ക് ഒരു വിരുന്ന് തന്നെയാണ്. ഓറിയന്റ് എക്‌സ്പ്രസ് കോച്ചുകളേക്കാള്‍ ആഡംബരപൂര്‍ണമാണിത്. മണ്ണിന്റെ നിറങ്ങള്‍, സമ്പന്നമായ തുണിത്തരങ്ങള്‍, പെയിന്റിങ്ങുകള്‍ എന്നിവയാല്‍ ഓരോ ബോഗിയു ഊഷ്മളതയും ഒരേസമയം സങ്കീര്‍ണ്ണതയും നിറഞ്ഞ അനുഭവം നല്‍കും. മദാഇന്‍ സാലിഹ്, ഹെയ്ല്‍ തുടങ്ങിയ ലാന്‍ഡ്മാര്‍ക്കുകളില്‍ നിന്നുള്ള വാസ്തുവിദ്യാ ഘടകങ്ങള്‍ ഇതില്‍ സൂക്ഷ്മമായി ഇഴചേര്‍ന്നിട്ടുണ്ട്. 14 ബോഗികളിലായി 34 ആഡംബര സ്യൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ട്രെയിന്‍ അതിഥികള്‍ക്ക് മരുഭൂമിയിലൂടെയുള്ള യാത്രയിലൂടെ മികച്ച അനുഭവം നല്‍കുമെന്ന് ഉറപ്പാണ്.
ട്രെയിനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കഴിഞ്ഞദിവസം സൗദിയിലെ അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു. മനോഹരവും സുഖപ്രദവുമായ സീറ്റുകളും ആധുനിക ആഡംബരവുമായി ക്ലാസിക് ശൈലി സംയോജിപ്പിക്കുന്ന ഡൈനിംഗ് കാറും യാത്രക്കാര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും സ്വകാര്യതയും നല്‍കാനായി രൂപകല്‍പ്പന ചെയ്ത ആഡംബര കിടക്കകളുള്ള സ്ലീപ്പിംഗ് റൂമുകളും വീഡിയോയില്‍ കാണാം. യാത്രയിലുടനീളം മരുഭൂമിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാവുന്ന തരത്തില്‍ വശങ്ങളില്‍ ഗ്ലാസ്സുകളും ഉണ്ട്.
കോച്ച് പ്രദര്‍ശിപ്പിച്ചു
റിയാദില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഒമ്പതാമത് ത്രിദിന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനോടനുബന്ധിച്ച് ഡ്രീം ഓഫ് ദി ഡിസേര്‍ട്ട് ട്രെയിനിന്റെ കോച്ച് പ്രദര്‍ശിപ്പിച്ചു. സ്വര്‍ണം പൂശിയ ആഡംബര വാസ്തുവിദ്യാ ശൈലിയിലുള്ള വ്യതിരിക്തമായ മജ്‌ലിസ് (സിറ്റിംഗ്) ലോഞ്ചും ട്രെയിനില്‍ ഉള്‍പ്പെടുന്നു. ആഗോള പ്രശസ്ത ആര്‍ക്കിടെക്റ്റും ഡിസൈനറുമായ അലിന്‍ അസ്മര്‍ ഡി അമ്മാന്‍ ആണ് ലോഞ്ച് രൂപകല്‍പ്പന ചെയ്തത്.
ട്രെയിനില്‍ 33 ആഡംബര സ്യൂട്ടുകള്‍ ഉണ്ട്.
66 അതിഥികളെ വരെ ഇതില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. രണ്ട് ഡൈനിംഗ് കാറുകള്‍ മികച്ച ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യും. പരമ്പരാഗത അറബ്, സൗദി വിഭവങ്ങളും ലോകത്തെ ഏറ്റവും വിദഗ്ധരായ പാചകക്കാര്‍ ഇറ്റാലിയന്‍ സ്പര്‍ശങ്ങളോടെ തയാറാക്കുന്ന അന്താരാഷ്ട്ര ഡിഷുകളെ ഡൈനിങ് ടേബിളുകളെ സമ്പന്നമാക്കും. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ കോച്ച് സന്ദര്‍ശിച്ചു.
അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കും
ആഡംബര യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സൗദിയില്‍ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ഹറമൈന്‍, മശാഇര്‍, കിഴക്കന്‍ പ്രവിശ്യ, ഉത്തര സൗദി, ഗുഡ്‌സ് ട്രെയിനുകള്‍ ഉള്‍പ്പെടെ 6,000 കിലോമീറ്ററിലധികം റെയില്‍ പാതകള്‍ ഇതിനകം രാജ്യത്തുണ്ട്.
Luxury train tourism in Saudi Arabia took another step forward as the Kingdom unveiled the design mock-up of its first ultra-luxury rail service, Dream of the Desert, at the Future Investment Initiative in Riyadh. The showcase marks a new milestone for the project, previously announced by Italy’s Arsenale Group in collaboration with Saudi Arabia Railways.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."