പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: പൊതുജനങ്ങളോടുള്ള പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; പിണറായി വിജയൻ
തിരുവനന്തപുരം: പൊലിസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലിസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുണ്ടെന്ന് വിമർശിച്ച മുഖ്യമന്ത്രി, അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇതിനോടകം 140-ൽ അധികം പേരെ ഇത്തരത്തിൽ പുറത്താക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരം മർദ്ദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരുമെന്നും അറിയിച്ചു. പൊതുജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ഫയർ സർവീസ്: ഫയർ സർവീസിനെ സമഗ്ര ദുരന്ത നിവാരണ സർവീസാക്കി മാറ്റും.
സെൻട്രൽ ജയിൽ: സംസ്ഥാനത്തിന്റെ മധ്യ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കും.
പേപ്പർ മുക്ത സ്റ്റേഷനുകൾ: 2031 ഓടെ എല്ലാ പോലീസ് സ്റ്റേഷനുകളും പേപ്പർ മുക്തമാക്കും.
വ്യാജവാർത്തകൾ തടയാൻ: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകൾ പരിശോധിക്കുന്നതിനായി എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇന്റഗ്രേറ്റഡ് യൂണിറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Chief Minister Pinarayi Vijayan announced a strict stance against officers who compromise the dignity of the police force, stating that "those unworthy will not be given a place." He also emphasized the need for special training to significantly improve the behavior of police personnel towards the public and ensure a more citizen-friendly approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."