പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും
തളിപ്പറമ്പ്: പൊലീസ് സംഘത്തെ സ്റ്റീല്‍ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും. പയ്യന്നൂര്‍ പൊലിസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണു പയ്യന്നൂര്‍ നഗരസഭ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഡി.വൈ.ഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂര്‍ വി.കെ.നിഷാദ് (35), ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നൂര്‍ ടി.സി.വി.നന്ദകുമാര്‍ (35) എന്നിവരെ തളിപ്പറമ്പ് അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് ശിക്ഷിച്ചത്.
2012 ഓഗസ്റ്റ് 1നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. അന്നത്തെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന അക്രമ സംഭവങ്ങളുടെ ഭാഗമായിരുന്നു ബോംബേറ്.
പയ്യന്നൂര്‍ സ്റ്റേഷനിലെ പൊലിസ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ അന്നത്തെ എസ്.എഫ്.ഐ നേതാക്കന്‍മാരായ പ്രതികള്‍ ബോംബെറിഞ്ഞു എന്നാണ് കേസ്. കേസിലെ ഒന്നാംപ്രതിയാണ് വി.കെ നിഷാദ്
വധശ്രമം, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍ നിയമത്തിലെ മൂന്നും നാലും വകുപ്പുകള്‍ എന്നിവ പ്രകാരം ആണ് ഒന്നും രണ്ടും പ്രതികളായ വി.കെ നിഷാദ്, ടി.സി.വി നന്ദകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡിഷനല്‍ സെഷന്‍സ് കോടതി വിധിച്ചത്. വെള്ളൂര്‍ ആറാംവയലിലെ എ. മിഥുന്‍ (36), വെള്ളൂര്‍ ആലന്‍കീഴില്‍ കുനിയേരിയിലെ കെ.വി കൃപേഷ് (38) എന്നിവര്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നതിനാല്‍ ഇരുവരെയും വെറുതെ വിടുകയും ചെയ്തു.
Thaliparamba court sentences CPM candidate V.K. Nishad and T.C.V. Nandakumar to 20 years for attempting to kill police by throwing steel bombs during the 2012 Payyannur violence. Two others acquitted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."