വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം
കൊച്ചി: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സംഭവത്തിൽ വിവാദ നായകനായിരുന്ന സെന്റ് റീത്താസ് സ്കൂളിലെ മുൻ പി.ടി.എ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർഥിയുമായ ജോഷി കൈതവളപ്പിലിന് തെരഞ്ഞെടുപ്പിൽ വൻ തോൽവി. എറണാകുളം കോർപ്പറേഷനിലെ പുതിയ വാർഡിലാണ് നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) ജില്ലാ പ്രസിഡന്റ് കൂടിയായ ജോഷി ദയനീയമായി പരാജയപ്പെട്ടത്.
ഈ വാർഡിൽ സി.പി.എമ്മിന്റെ വി.എ ശ്രീജിത്താണ് വിജയിച്ചത്. വി.എ ശ്രീജിത്ത് 2438 വോട്ടുകൾ നേടിയപ്പോൾ, 1677 വോട്ടുകളുമായി കോൺഗ്രസിന്റെ എൻ.ആർ. ശ്രീകുമാർ രണ്ടാമതെത്തി. 194 വോട്ടുകളോടെ വിനീഷ് വിശ്വംഭരൻ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ, എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച ജോഷി കൈതവളപ്പിലിന് വെറും 170 വോട്ടുകൾ മാത്രമാണ് നേടാനായത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റായ ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ജോഷി നടത്തിയ കടുത്ത വിദ്വേഷ പ്രസ്താവനകൾക്കെതിരെ അന്നത്തെ പി.ടി.എ ഭാരവാഹിയായിരുന്ന ജമീർ പള്ളുരുത്തി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, വിവാദ സമയത്ത് തനിക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്നാണ് ജോഷി കൈതവളപ്പിൽ വാദിച്ചിരുന്നത്. നിലവിൽ അദ്ദേഹം എൻ.ഡി.എ. ഘടകകക്ഷിയായ എൻ.പി.പി യുടെ എറണാകുളം ജില്ലാ പ്രസിഡന്റാണ്.
വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ (ഡി.ഡി.ഇ) അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചെങ്കിലും പരാതി തള്ളുകയായിരുന്നു.
Joshi Kaithavalappil, the controversial former PTA President of St. Rita's School, Palluruthy, Ernakulam, who was involved in the incident of expelling a student for wearing the hijab, has suffered a massive defeat in the election.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."