റഫാ അതിര്‍ത്തി തുറക്കാന്‍ ഇടപെട്ട് ഖത്തര്‍; ചര്‍ച്ചകള്‍ തുടരുന്നതായി വിദേശകാര്യമന്ത്രാലയം
ദോഹ: ഇസ്‌റാഈല്‍ കടന്നാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനായി റഫാ അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ജനങ്ങള്‍ കടുത്ത ശൈത്യത്തിലും പട്ടിണിയിലും വലയുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഖത്തര്‍ ഇടപെടുന്നത്.
മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് രാഷ്ട്രീയമായ വിലപേശലുകള്‍ക്കായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗസ്സയിലെ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനായുള്ള ആശയവിനിമയങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഈജിപ്തുമായുള്ള റഫാ അതിര്‍ത്തി തുറക്കുക എന്നത്. എന്നാല്‍ ഇത് തുറക്കാന്‍ സയണിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
ഇസ്‌റാഈലിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘനം
2025 ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും, ഗസ്സയിലേക്കുള്ള സഹായങ്ങള്‍ ഇസ്‌റാഈല്‍ ഇപ്പോഴും തടസ്സപ്പെടുത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ഇത് അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണ്. 2024 മെയ് മാസത്തില്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്‌റാഈല്‍ ഏറ്റെടുത്തതോടെയാണ് റഫാ പാത പൂര്‍ണ്ണമായും അടഞ്ഞത്. ഈ അതിര്‍ത്തി തുറക്കുന്നത് ഗസ്സയിലുള്ളവര്‍ക്ക് ചികിത്സയ്ക്കും യാത്രകള്‍ക്കും വളരെ അനിവാര്യവുമാണ്.
ദുരിതപൂര്‍ണ്ണമായ ശൈത്യകാലം
ഇസ്‌റാഈല്‍ ആക്രമണത്തിനും ഉപരോധത്തിനും ഇടയില്‍ നരകതുല്യമാണ് ഗസ്സയിലെ ജീവിതം. ശൈത്യകാലം കൂടി എത്തിയത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാക്കിയിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും തകര്‍ന്ന ടെന്റുകളിലും തകരാന്‍ സാധ്യതയുള്ള കെട്ടിടങ്ങളിലുമായി ലക്ഷക്കണക്കിന് ആളുകളാണ് കഴിയുന്നത്.
ഗസ്സയിലെ പകുതിയോളം ആരോഗ്യകേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. മരുന്നുകളുടെയും ഉപകരണങ്ങളുടെയും കടുത്ത ക്ഷാമവും നേരിടുന്നു. ഗസ്സയിലെ ഏകദേശം 1.3 ദശലക്ഷം ആളുകള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണ്.
ഡിസംബര്‍ 30ന് കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, യുകെ തുടങ്ങി പത്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഗാസയിലെ സാഹചര്യം 'അതിദാരുണം' എന്നാണ് വിശേഷിപ്പിച്ചത്. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയുടെ പല ഭാഗങ്ങളിലും ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങളും വെടിവെയ്പ്പും തുടരുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു.
Summary: As humanitarian aid into the Gaza Strip struggles to trickle in, the Qatari Foreign Ministry on Tuesday, January 6, said that negotiations are underway to open the Rafah crossing into the besieged area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."