പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു
തൃശൂർ: ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ചൂണ്ടൽ പെലക്കാട്ട് പയ്യൂരിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പയ്യൂർ സ്വദേശിയായ പ്രകാശന് (65) ഗുരുതരമായി പരിക്കേറ്റു. നാലംഗ അക്രമി സംഘമാണ് മാരകായുധങ്ങളുമായി വീടാക്രമിച്ചത്.
ആക്രമണത്തിന് പിന്നിൽ
പ്രകാശന്റെ ബന്ധുവായ പെൺകുട്ടിയെ പ്രതികളിലൊരാൾ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ഇത് പ്രകാശന്റെ മകൻ ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ഇതിന്റെ പകപോക്കാനായി വാളും മറ്റ് മാരകായുധങ്ങളുമായി സംഘം വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വീട്ടുപകരണങ്ങളും വാഹനങ്ങളും തകർത്തു
വീട്ടിലെത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. വെട്ട് കൈകൊണ്ട് തടുത്തതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. പ്രകാശന്റെ ഭാര്യയെയും സംഘം മർദിച്ചു. അക്രമികൾ വീടിനുള്ളിലെ ജനൽചില്ലുകൾ, കട്ടിൽ, സോഫാസെറ്റ്, ദിവാൻ കോട്ട് എന്നിവ അടിച്ചുതകർത്തു. കൂടാതെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയും രണ്ട് ബൈക്കുകളും സംഘം തകർത്തു.
പൊലിസ് നടപടി
പരിക്കേറ്റ പ്രകാശനും ഭാര്യയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. സംഭവത്തിൽ കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ നാലുപേർക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."