കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കോട്ടയം: മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്. ചെയര്‍മാന്‍ ജോസ് കെ. മാണി മുന്നണിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കിയെങ്കിലും യോഗത്തെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. മുന്നണിമാറ്റമില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞത് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അഭിപ്രായ സമന്വയം ഇല്ലാത്ത സ്ഥിതിക്ക് വിഷയം സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ചയായാല്‍ തീരുമാനം മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവരെ അനുനയിപ്പിക്കാനായാല്‍ മുന്നണിമാറ്റം സാധ്യമാകുമെങ്കിലും അതിന് ജോസ് നന്നായി വിയര്‍ക്കേണ്ടിവരും.
ഇവര്‍ക്കൊപ്പം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജുമുണ്ടെന്ന് സൂചനയുണ്ടെങ്കിലും അദ്ദേഹമടക്കം മറ്റ് മൂന്ന് എം.എല്‍.എമാര്‍ നിലപാട് പരസ്യമാക്കിയിട്ടില്ല. സീറ്റുകള്‍ അടക്കം ചോദിച്ചതെല്ലാം നല്‍കിയ എല്‍.ഡി.എഫ് വിടാന്‍ എന്തു കാരണം പറയും എന്നതാണ് ജോസ് നേരിടുന്ന പ്രധാന പ്രശ്‌നം. ഏറ്റവുമൊടുവില്‍ കെ.എം മാണി ഫൗണ്ടേഷന് സ്ഥലമെന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതോടെ ജോസ് പ്രതിരോധത്തിലായി. നിലവില്‍ ഇടതുമുന്നണിയുടെ രാജ്യസഭാംഗമാണ് ജോസ്. മുന്നണി മാറിയാല്‍ ഇത് രാജിവയ്‌ക്കേണ്ടിവരും. തുടര്‍ച്ചയായ മുന്നണിമാറ്റം പാര്‍ട്ടിയുടെയും തന്റെയും രാഷ്ട്രീയ വിശ്വാസ്യതയ്ക്കു കോട്ടമാകുമെന്ന ആശങ്കയും ജോസിനുണ്ട്. പാര്‍ട്ടി പിളര്‍ത്തി യു.ഡി.എഫിലേക്ക് ചേക്കാറാനും ജോസ് തയാറല്ല.
യു.ഡി.എഫില്‍ പാലാ അടക്കം എത്ര സീറ്റ് കിട്ടുമെന്നും ഉറപ്പില്ല. ഇക്കാര്യങ്ങളാല്‍ നിലവിലെ സ്ഥിതി തുടരുമെന്ന് പറയുമ്പോഴും മുന്നണി മാറ്റത്തിന് കത്തോലിക്കാ സഭയടക്കം ഉയര്‍ത്തുന്ന സമ്മര്‍ദം അവഗണിക്കാനുമാകില്ല. ഇന്നത്തെ യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് അജന്‍ഡയെങ്കിലും ചെയര്‍മാന്‍ അനുവദിക്കുന്ന വിഷയങ്ങളും ചര്‍ച്ചയാകും. നിലവില്‍ മുന്നണിമാറ്റത്തിന് നാല് ജില്ലാ പ്രസിഡന്റുമാര്‍ മാത്രമാണ് ജോസിനൊപ്പമുള്ളതെന്നാണ് വിവരം. ബാക്കി പത്തുപേര്‍ എതിര്‍പ്പിലാണ്.
അതിനാല്‍ യോഗത്തില്‍ മുന്നണിമാറ്റം ചര്‍ച്ചക്കെടുത്താലും ജോസ് വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കില്ല. അതിനിടെ, മുന്നണി വിടില്ലെന്ന ജോസിന്റെ പ്രഖ്യാപനത്തെ ഇടതുമുന്നണി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, ജോസ് പോയാലും റോഷിയും പ്രമോദും പോകില്ലെന്ന് എല്‍.ഡി.എഫ് ഉറപ്പാക്കിയിട്ടുണ്ട്. ദീര്‍ഘകാല ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത് വിസ്മരിക്കാന്‍ മാണി ഗ്രൂപ്പിന് കഴിയില്ലെന്നും എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫാകട്ടെ ജോസ് വരുന്നെങ്കില്‍ വരട്ടെയെന്ന് പരസ്യമായി പറയുകയും ചെയ്തു.
ജോസ് കെ. മാണിയെ എത്തിക്കാന്‍ തിരുവമ്പാടി സീറ്റ് നല്‍കാന്‍ പോലും സന്നദ്ധരായാണ് യു.ഡി.എഫിന്റെ നില്‍പ്. എന്നാല്‍, മാണി കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് വന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളിലെയും അധികാര സമവാക്യങ്ങള്‍ മാറും. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി കേരള കോണ്‍ഗ്രസ് (എം) അണികളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.
kerala congress m holds crucial steering committee meeting today as political kerala watches closely amid speculation over possible alliance change and internal dissent within the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."