ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
കണ്ണൂര്‍: ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം. രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊന്നു എന്നതായിരുന്നു കേസ്.
നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നതെങ്കിലും ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നാണ് വിധിയില്‍ പറയുന്നത്. കുറ്റകൃത്യത്തിന് ശേഷം സ്വന്തം ഭര്‍ത്താവിനെ പ്രതിയാക്കാന്‍ ശരണ്യ ബോധപൂര്‍വം ശ്രമിച്ചതായും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു.
2020 ഫെബ്രുവരി 16നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ശരണ്യ മൊഴി നല്‍കി.
ഭര്‍ത്താവായ പ്രണവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോവുകയും കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പൊലിസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. രണ്ട് തവണ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു എന്നാണ് പൊലിസ് കണ്ടെത്തല്‍.
ജാമ്യത്തിലിറങ്ങിയ ശരണ്യ ഇപ്പോള്‍ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഒന്നാം പ്രതി ശരണ്യക്ക് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മഞ്ജു ആന്റണിയും രണ്ടാം പ്രതി നിധിന് വേണ്ടി കണ്ണൂര്‍ ബാറിലെ ആര്‍. മഹേഷ് വര്‍മ്മയുമാണ് ഹാജരായത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ യു. രമേശനാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ പി.ആര്‍ സതീശന്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം ഗവ. മെഡി. കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള, ഇന്‍സ്പെക്ടര്‍ പി.ആര്‍ സതീശന്‍ ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 81 രേഖകളും 19 മെറ്റീരിയല്‍ എവിഡന്‍സും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് കേസില്‍ വിധി പറയുന്നത്.
ശരണ്യ കുറ്റക്കാരിയെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി
കടപ്പുറത്തെ കണ്ണില്ലാത്ത ക്രൂരതയില്‍ കുഞ്ഞ് കൊല്ലപ്പെട്ട കേസില്‍ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുമ്പോഴും പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ പല വാദങ്ങളും വിചാരണാവേളയില്‍ പതറിപ്പോയി. കൊലപാതകത്തിലെ ക്രൂരതയും ആസൂത്രണവും തെളിയിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കുഞ്ഞിനെ പാറക്കല്ലില്‍ ആവര്‍ത്തിച്ച് എറിഞ്ഞു കൊലപ്പെടുത്തി എന്ന വാദം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയില്‍ ഒരൊറ്റ വീഴ്ച്ചയില്‍ സംഭവിച്ച മുറിവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ഒരൊറ്റ മെഡിക്കല്‍ വിശദീകരണം കേസിനെ 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' ഗണത്തില്‍ നിന്നും താഴേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി.
കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയോ മറ്റാരുടെയെങ്കിലും പ്രേരണയോ ഉണ്ടെന്ന് സ്ഥാപിക്കാനും അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. വെറും കൊലപാതക കുറ്റം മാത്രമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഉറപ്പിക്കാനായത്. വിചാരണയുടെ വിവിധഘട്ടങ്ങളില്‍ ശരണ്യയുടെ സ്വന്തം ബന്ധുക്കള്‍ തന്നെ അവര്‍ക്ക് അനുകൂലമായ മൊഴികള്‍ നല്‍കിയത് കേസിനെ ദുര്‍ബലപ്പെടുത്തി. ഇതും പ്രതിക്ക് ശിക്ഷാവിധിയില്‍ വലിയ ആശ്വാസമായി മാറി. എങ്കിലും, കൊലപാതകം ചെയ്ത ശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശരണ്യ നടത്തിയ ബോധപൂര്‍വമായ ശ്രമങ്ങളെ കോടതി ഗൗരവത്തോടെ തന്നെ കണ്ടു. സ്വന്തം രക്തത്തെ ഇല്ലാതാക്കിയ ശേഷം മറ്റൊരു വ്യക്തിയെ കുറ്റവാളിയാക്കാന്‍ നടത്തിയ ആസൂത്രിത നീക്കം കോടതി ശരിവെച്ചു. വിധി പ്രഖ്യാപിക്കുന്ന ആ നിമിഷം, കോടതി മുറിയില്‍ ശരണ്യ തികച്ചും ഏകയായിരുന്നു. കുറ്റക്കാരിയാണെന്ന് കേള്‍ക്കുമ്പോള്‍ പരാതിക്കാരനായ ഭര്‍ത്താവോ സ്വന്തം ചോരയിലുള്ള ബന്ധുക്കളോ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
2020 ഫെബ്രുവരി 17ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തന്റെ ആണ്‍സുഹൃത്തായ നിധിനൊപ്പം ജീവിക്കുന്നതിന് തടസമായ ഒന്നരവയസുകാരന്‍ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്. തയ്യില്‍ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാന്‍. കേസിന്റെ വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."