7,845 candidates who contested in the local body elections face disqualification for not submitting election expense statements.
HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു
February 15, 2026 | 1:47 AM
തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു. തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കമ്മിഷന് സമര്‍പ്പിക്കാത്തവര്‍ക്കെതിരേയാണ് നടപടി വരുന്നത്. കഴിഞ്ഞമാസം 12 വരെയായിരുന്നു കണക്കുകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം നല്‍കിയിരുന്നത്.
ആകെ മത്സരിച്ച 75,627 സ്ഥാനാർഥികളില്‍ 56,173 പേര്‍ നിശ്ചിതകാലയളവില്‍ ഓണ്‍ലൈനായി കണക്കുകള്‍ സമര്‍പ്പിച്ചിരുന്നു. 11,609 പേര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരിട്ടാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. ഇവരുടെ വിശദാംശങ്ങള്‍ കഴിഞ്ഞമാസം 31ഓടെയാണ് സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. എന്നാല്‍, 7,845 പേര്‍ നിശ്ചിത കാലയളവില്‍ കണക്കുകള്‍ സമര്‍പ്പിച്ചില്ല. സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ അയോഗ്യതാ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ സ്ഥാനാർഥികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം സമര്‍പ്പിക്കാന്‍ 20 ദിവസത്തെ സമയമുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കും. ഉത്തരവ് കാലാവധി മുതല്‍ അഞ്ചുവര്‍ഷത്തേക്കായതിനാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാനാകില്ല.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 74,899 സ്ഥാനാർഥികളില്‍ 9,016 പേരെ സമാനമായ കാരണങ്ങളാല്‍ അയോഗ്യരാക്കിയിരുന്നു. ഇത്തവണ മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി സെക്രട്ടറിമാര്‍ക്ക് കണക്ക് സമര്‍പ്പിക്കുന്നതിന് പുറമെ ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കിയിരുന്നു. നിലവില്‍ കണക്കുകള്‍ സമര്‍പ്പിച്ചവരുടെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരശോധിക്കുകയാണ്. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ അവര്‍ക്കും നോട്ടിസ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."