യു.എ.ഇയില്‍ പഠനം ഓണ്‍ലൈനില്‍ തുടരും; അവധിക്ക് നാട്ടിലെത്തിയവര്‍ക്കും വിദേശത്ത് നിന്ന് ക്ലാസുകളില്‍ പങ്കെടുക്കാം
ദുബൈ: ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, അവധിക്ക് ശേഷം രാജ്യത്തുടനീളം രണ്ടാഴ്ചത്തേക്ക് കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പഠനം തടസ്സപ്പെടാതിരിക്കുന്നതിനുമാണ് ഈ തീരുമാനം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഈ മാസം രണ്ട് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 9 മുതല്‍ 22 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും പോയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തുടര്‍ന്നു കൊണ്ടുതന്നെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ തീരുമാനം സഹായകമാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പരീക്ഷാക്രമങ്ങളിലും മൂല്യനിര്‍ണ്ണയ രീതികളിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
പഠനം തടസ്സപ്പെടില്ലെന്ന് സ്‌കൂളുകള്‍
സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഓണ്‍ലൈന്‍ പഠനത്തിനായി കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതായി നോര്‍ഡ് ആംഗ്ലിയ എജ്യുക്കേഷന്‍ മിഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജിംഗ് ഡയറക്ടര്‍ എലിസബത്ത് ലാംബ് പറഞ്ഞു. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും അധ്യാപകരുടെ പിന്തുണയോടെ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കാം. ഹാജര്‍ നിലയും പഠന പുരോഗതിയും കൃത്യമായി വിലയിരുത്തും. വ്യത്യസ്ത സമയമേഖലകളിലുള്ള (Time zones) വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ ജോലി സമയം കൂടി പരിഗണിച്ച് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള പിന്തുണ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് തന്നെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നതിനാല്‍ പുതിയ മാറ്റം എളുപ്പമായിരുന്നെന്ന് സ്വിസ് ഇന്റര്‍നാഷണല്‍ സയന്റിഫിക് സ്‌കൂള്‍ സെക്കന്‍ഡറി വിഭാഗം മേധാവി ബ്രയാന്‍ ക്ലിയറി വ്യക്തമാക്കി.
മികച്ച സാങ്കേതിക പിന്തുണ
* മാനേജ്ബാക് (ManageBac), മൈക്രോസോഫ്റ്റ് ടീംസ് (Microsoft Teams) തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ക്ലാസുകള്‍ നടക്കുന്നത്.
* ലൈവ് ക്ലാസുകള്‍ക്ക് പുറമെ ഇവ റെക്കോര്‍ഡ് ചെയ്തും ലഭ്യമാക്കും. ഇത് വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാകും.
* ഐ.ബി (IB) സിലബസ് പിന്തുടരുന്ന സ്‌കൂളുകളില്‍ പ്രൊജക്ട് അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണ്ണയങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. എന്നാല്‍ എഴുത്തുപരീക്ഷകളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍വകലാശാലകളും ഓണ്‍ലൈനിലേക്ക്
ഏപ്രിലില്‍ പരീക്ഷകള്‍ നടക്കാനിരിക്കെ സര്‍വകലാശാലകളും സമാനമായ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മേഖലയിലെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നേരത്തെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നതായി ബിറ്റ്‌സ് പിലാനി കാമ്പസ് ഡയറക്ടര്‍ പ്രൊഫ. സൗരി ബാനര്‍ജി പറഞ്ഞു. പരീക്ഷകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഗുണകരമായെന്നും സൗരി വ്യക്തമാക്കി.
മാര്‍ച്ച് 23 മുതല്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കുമെന്നും മൂല്യനിര്‍ണ്ണയ രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഹെരിയറ്റ്‌വാട്ട് സര്‍വകലാശാല ഡെപ്യൂട്ടി വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ലിന്‍ ബി ജാക്ക് അറിയിച്ചു. ഭരണപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ സര്‍വകലാശാലയുടെ മറ്റ് സേവനങ്ങളും ഓണ്‍ലൈനാക്കിയിട്ടുണ്ട്. വിദേശത്തുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവിടെ നിന്ന് തന്നെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: As precautionary measures reshape daily routines across the UAE, many school and university students will once again log into virtual classrooms — some from thousands of kilometres away. Authorities have announced that online classes will continue nationwide for two weeks after the spring break ends to ensure student safety and maintain continuity in education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."