യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍
തിരുവനന്തപുരം: യു.ഡി.എഫ് ഇത്തവണ നന്നായി പ്രവര്‍ത്തിച്ചുവെന്നും അധികാരത്തില്‍ തിരികെ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നല്ല പോളിങ് ശതമാനമായിരുന്നുവെന്നും പ്രവാസികള്‍ കൂടെ എത്തിയിരുന്നെങ്കില്‍ കുറച്ചു കൂടെ ശതമാനം കൂടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഉയര്‍ന്ന പോളിങ് ശതമാനമാണുള്ളത്. ഇത് മികച്ച വിജയ പ്രതീക്ഷ നല്‍കുന്നു. വിദേശത്ത് നിന്നുള്ള ആളുകള്‍ കൂടി വന്നിരുന്നെങ്കില്‍ പോളിങ് ശതമാനം കൂടുതല്‍ വര്‍ദ്ധിക്കുമായിരുന്നു. യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിയത്' വിഡി സതീശന്‍ പറഞ്ഞു.
അഞ്ച് കൊല്ലത്തെ പ്രവര്‍ത്തന ഫലമാണ് ഇലക്ഷന്‍ റിസള്‍ട്ട്. പിന്നാക്ക ജനവിഭാഗങ്ങള്‍ യു.ഡി.എഫിനെ പിന്തുണച്ചു. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരെ തിരിച്ചു കൊണ്ടുവന്നു. എല്ലാം നിശബ്ദമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നു. അഞ്ച് ജില്ലകളായിരുന്നു യു.ഡി.എഫിന്റെ ടാര്‍ഗറ്റ്. ഈ ജില്ലകളിലെ 43 സീറ്റ് കിട്ടിയാലും അത്ഭുതമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്റെ ആത്മവിശ്വാസത്തിന് രാഷ്ട്രീയമായ ഒരു അടിത്തറയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വിജയം, പ്രവര്‍ത്തനം , സംഘടനാ ശക്തി എന്നിവയൊക്കെയാണ്അത്. യു.ഡി.എഫ് ഒരു ബദല്‍ ആണ് എന്ന് ചിന്ത ഉണ്ടായിട്ടുണ്ട്. മറ്റു ഡീലുകള്‍ പ്രവര്‍ത്തകര്‍ പൊളിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വന്നാല്‍ മാറ്റം ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിനെതിരായ വികാരം വോട്ടായി പ്രതിഫലിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
എന്‍.ഡി.എ എവിടെയും അക്കൗണ്ട് തുറക്കാന്‍ സാധ്യത ഇല്ല എന്നതാണ് ഇതുവരെ മനസ്സിലാക്കിയതെന്നും കുന്നത്തുനാട് കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 20-20 മൂന്നാം സ്ഥാനത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
vd satheesan says udf has performed strongly and high polling turnout brings optimism while predicting nda may fail to open account in kerala elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."