തെരുവുനായ ജീവിതം തകര്‍ത്തു; റിഫമോള്‍ ഇപ്പോഴും കിടപ്പിലാണ്...
വെട്ടത്തൂര്‍: തെരുവുനായയുടെ കടിയേറ്റിട്ട് വര്‍ഷം ഒന്നു പിന്നിട്ടെങ്കിലും റിഫമോളുടെ ജീവിതം ഇപ്പോഴും കിടക്കയിലാണ്. നായയുടെ കടിയേറ്റ് നിറമുള്ള ഓര്‍മകളും ജീവിതവും നഷ്ടപ്പെട്ട വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിന് സമീപം തേലക്കാട് അരക്കുപറമ്പന്‍ റാഷിദ്, സമീന ദമ്പതികളുടെ മകള്‍ റിഫ ഫാത്തിമ ഇന്നു വിധിയോടു പോരാടുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് വീട്ടുമുറ്റത്തു കളിക്കവേ റിഫയുടെ മുഖത്തു തെരുവുനായ പരുക്കേല്‍പ്പിച്ചത്. ഇതേ തുടര്‍ന്നു സംസാരിക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ ഈ നാലു വയസുകാരി കിടപ്പിലായി. വാര്‍ത്ത നേരത്തെ 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ പിതാവുമായി ബന്ധപ്പെടുകയും വിദഗ്ധ ചികിത്സയ്ക്കായി അവരുടെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നു.
ഒരു മാസത്തോളം പ്രത്യേക ചികിത്സ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ആരോഗ്യനിലയില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും സംസാരിക്കാനോ എഴുന്നേല്‍ക്കാനോ ഇപ്പോഴും കഴിയില്ല. വായില്‍ ഒഴിച്ചുകൊടുത്താല്‍ കുറച്ചെങ്കിലും ഭക്ഷണം കഴിക്കും. റിഫയോടൊപ്പം പ്രദേശത്തെ മറ്റു നാലുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നെങ്കിലും അവര്‍ക്കെല്ലാം ഭേദമായി.
റിഫയ്ക്കു മുറിവേറ്റ അന്നുതന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നു വാക്‌സിന്‍ നല്‍കിയിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പേവിഷബാധയാണെന്നറിഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. കുട്ടിയുടെ ശരീരമാകെ തളര്‍ന്നു തുടങ്ങിയതോടെ പെരിന്തല്‍മണ്ണയിലെതന്നെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളം ഐ.സി.യുവില്‍ കിടന്നു. പിന്നീട് ബംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുചികിത്സയും നടത്തിയിരുന്നു.
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് കോട്ടക്കലിലെ ആശുപത്രിയില്‍നിന്നു റിഫ വീട്ടിലെത്തിയത്. ഇപ്പോള്‍ നാട്ടുചികിത്സയാണ് തുടരുന്നത്. പഴയ കളിചിരികളിലേക്ക് റിഫ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയിലാണ് ഈ നാലു വയസുകാരിയുടെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."