കെയ്‌റോയില്‍ ഇന്ന് വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ച
കെയ്‌റോ: കെയ്‌റോയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ച. ഗസ്സയിലെ യുദ്ധം ആറു മാസം പിന്നിടുമ്പോഴാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് അരങ്ങൊരുങ്ങുന്നത്. ഹമാസ് സംഘം ഇന്ന് കെയ്‌റോയിലെത്തും. മൊസാദ് മേധാവിയുടെ നേതൃത്വത്തില്‍ ഇസ്‌റാഈല്‍ സംഘവും ഇന്ന് കെയ്‌റോയിലേക്ക് തിരിക്കും എന്നാണ് റിപ്പോര്‍ട്ട്. റമദാനില്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
മുന്‍ ഉപാധികളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് നിലപാടിലാണ് ഹമാസ്. ആക്രമണം പൂര്‍ണമായി നിര്‍ത്തുക, സൈന്യം ഗസ്സ വിടുക, പുറന്തള്ളിയവര്‍ക്ക് മടങ്ങിയെത്താന്‍ അവസരം ഒരുക്കുക എന്നിവയാണ് ഹമാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍.
ഹമാസ് ഉപാധികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇസ്‌റാഈല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. സന്നദ്ധ പ്രവര്‍ത്തകരുടെ കൊലയും ഗസ്സയിലെ സിവിലിയന്‍ കുരുതിയും ലോകത്തൊന്നാകെ ഇസ്‌റാഈല്‍ വിരുദ്ധവികാരം ശക്തമാക്കിയിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിനുള്ള സമ്മര്‍ദവും ശക്തമാണ്.
ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍.അതേസമയം, ഇസ്‌റാഈല്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം കനക്കുകയാണ്. ബന്ദികളുടെ മോചനം ഇനിയും നീണ്ടാല്‍ വന്‍ പ്രക്ഷോഭത്തിന് തയാറാകുമെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചു. ഇന്നലെ രാത്രി തെല്‍ അവീവില്‍ നടന്ന നെതന്യാഹു വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ വിഭാഗം നടത്തിയ ബലപ്രയോഗത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളെ മോചിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
ഇസ്‌റാഈലിനെതിരായ ചെറുത്തുനില്‍പ് പോരാളികളുടെ തിരിച്ചടിയും ശക്തമാണ്. ഖാന്‍ യൂനുസിലും മറ്റുമായി ചെറുത്തുനില്‍പ്പ് പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഖാന്‍ യൂനുസിലും പരിസരങ്ങളിലും കഠിന പോരാട്ടമാണ് നടക്കുന്നതെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവും പ്രതികരിച്ചു. അതിനിടെ, ചെങ്കടലില്‍ ഒരു കപ്പലിനു നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."