രാജ കുടുംബത്തിന്റെ വധശിക്ഷ: നീതി നടപ്പാക്കുന്നതില്‍ സല്‍മാന്‍ രാജാവിന് പിന്തുണ കൂടിയതായി വിലയിരുത്തല്‍, സ്വാഗതം ചെയ്തു അന്താരാഷ്ട്ര മാധ്യമങ്ങളും
റിയാദ്: രാജ കുടുംബാംഗത്തെ നിയമത്തിനു മുന്നില്‍ തുല്യരായി കണ്ടു വധശിക്ഷാ വിധി നടപ്പാക്കിയ നടപടി സ്വാഗതം ചെയ്തു ലോക മാധ്യമങ്ങള്‍. രാജ ഭരണം നടക്കുമ്പോഴും ലോക ജനതയുടെ സ്വാഭാവിക ചിന്തകളെ മാറ്റി തിരുത്തി കുടുംബാംഗത്തെ വധശിക്ഷക്ക് വിധേയമാക്കാന്‍ അനുമതി നല്‍കിയ സഊദി ഭരണാധികാരിയുടെ നടപടി ഏവരാലും പ്രശംസിക്കപ്പെടുകയാണ്.
നിയമത്തിനു മുന്നില്‍ രാജ്യത്തെ എല്ലാവരും തുല്യരാണെന്ന് തെളിയിച്ചാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷക്ക് അനുമതി നല്‍കിയ സല്‍മാന്‍ രാജാവിന്റെ നടപടിയെ രാജ്യത്തെ മാധ്യമങ്ങള്‍ പുകഴ്ത്തി. സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സല്‍മാന്‍ രാജാവിനെ അഭിനന്ദിച്ചവരില്‍ രാജ്യാന്തര മാധ്യമങ്ങളും ഉള്‍പ്പെടുന്നു.
പ്രിന്‍സ് തുര്‍ക്കി ബിന്‍ സഊദ് ബിന്‍ തുര്‍കി ബിന്‍ സഊദ് അല്‍ കബീറിനെയാണ് കഴിഞ്ഞ ദിവസം റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. 1975ന് ശേഷം വധശിക്ഷക്ക് വിധേയനാകുന്ന ആദ്യരാജകുടുംബാംഗമാണ് ഇദ്ദേഹം. 1975ല്‍ ഫൈസല്‍ രാജാവിനെ വധിച്ച അനന്തരവന്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സഊദിനെയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.
കുറ്റം ഏറ്റുപറഞ്ഞ തുര്‍ക്കി രാജകുമാരനെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പു നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് വധശിക്ഷക്ക് വിധേയമാക്കിയത് . സഊദി രാജകുടുംബത്തിലെ പ്രമുഖ അംഗമാണ് തുര്‍ക്കി രാജകുമാരനെന്ന് സഊദി രാജകുടുംബാംഗമായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി.
രാഷ്ട്രപിതാവ് അബ്ദുല്‍അസീസ് രാജാവിന്റെ മക്കളാണ് ഇപ്പോഴത്തെ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അടക്കമുള്ള ഇതുവരെയുള്ള മുഴുവന്‍ രാജാക്കന്‍മാരും. രാജകുടുംബാഗമായിട്ടും തുര്‍ക്കി രാജകുമാരന് ശിക്ഷയിളവ് ലഭിച്ചില്ലെന്നതാണ് ഈ വധശിക്ഷയുടെ സവിശേഷത. 'രാജുടുംബാംഗങ്ങള്‍ക്കും മറ്റുപൌരന്‍മാര്‍ക്കും ഒരേ നിയമമാണുള്ളതെന്ന് സല്‍മാന്‍ രാജാവ് എപ്പോഴും വ്യക്തമാക്കുന്ന കാര്യമാണ്. അത് യാഥാര്‍ഥ്യമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കും.' ഫൈസല്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
അന്തരാഷ്ട്ര മാധ്യമങ്ങളും ധീര നടപടിയെ സ്വാഗതം ചെയ്തിരുന്നു . സംഭവത്തില്‍ സല്‍മാന്‍ രാജാവിന് സ്വദേശികളുടെ അഭിനന്ദന പ്രവാഹമാണെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാത കേസില്‍ വധശിക്ഷ നടപ്പാക്കിയ നടപടി സൗദിയുടെ 40 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അമീറുമാര്‍ക്കിടയില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന വ്യാപകമായ പ്രചരണത്തെ, വധശിക്ഷാ നടപടി തിരുത്തുന്നതാണെന്നും സഊദി ജുഡീഷ്യല്‍ സംവിധാനം സുതാര്യമാണെന്ന് തെളിയിക്കുന്നതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
നീതി നടപ്പാക്കുക എന്നത് ഭരണത്തിന്റെ അടിത്തറയാണെന്നും അത് ഏത് തറവാട്ടില്‍ പിറന്നവര്‍ക്കും ബാധകമാണെന്നും സഊദി കോടീശ്വരനും രാജ കുടുംബവുമായ അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു. 'ബുദ്ധിയുള്ളവരേ, നിശ്ചയം നിങ്ങള്‍ക്ക് പ്രതിക്രിയയില്‍ ജീവന്‍ സംരക്ഷിക്കലുണ്ട്' എന്ന ഖുര്‍ആന്‍ വചനം അമീര്‍ വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ തന്റെ ട്വീറ്റില്‍ ഉദ്ധരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവര്‍ക്കും വധശിക്ഷയ്ക്ക് വിധേയരായര്‍ക്കും ദൈവം കരുണ ചെയ്യട്ടെ. എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതേ സമയം, വധശിക്ഷ നടപ്പിലാക്കിയ കാര്യം സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയെങ്കിലും എങ്ങിനെയാണ് ഇത് നടപ്പിലാക്കിയതെന്നു വ്യക്തമാക്കിയിട്ടില്ല. സാധാരണയായി രാജ്യത്ത് പരസ്യമായി തല വെട്ടിയുള്ള ശിക്ഷയാണ് നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."