വെള്ളവും ലൈറ്റും മുടങ്ങി; ജീവനക്കാര്‍ പ്രതിസന്ധിയില്‍
മഞ്ചേരി: മിനിസിവില്‍ സ്റ്റേഷനില്‍ വെള്ളവും ലൈറ്റും മുടങ്ങിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പ്രതിസന്ധിയിലായി. സിവില്‍ സ്റ്റേഷനിലെ കോമണ്‍ വൈദ്യുതി ബില്‍ ലാന്റ് ട്രിബ്യൂണല്‍ വിഭാഗം യാഥാസമയത്ത് അടക്കാത്തതുമൂലമാണിത്. പ്രധാന ലൈറ്റുകള്‍, ലിഫ്റ്റ് തുടങ്ങി മിനി സിവില്‍സ്റ്റേഷനില്‍ കൂട്ടമായി ഉപയോഗിക്കുന്ന ഇലക്ട്രിക്ക് സംവിധാനങ്ങളുടെ വൈദ്യുതി ബില്‍ മിനിസിവില്‍ സ്റ്റേഷനിലെ മറ്റു ഓഫീസുകളില്‍ നിന്നും ശേഖരിച്ച് യഥാസമയത്ത് അടക്കേണ്ട ചുമതല ലാന്റ് ട്രിബ്യൂണല്‍ ഓഫീസിനാണ്. ലാന്റ് ട്രിബ്യൂണല്‍ വിഭാഗം തങ്ങളുടെ ചുമതല യഥാസമയം നിര്‍വഹിക്കുന്നതില്‍ വന്ന വീഴ്ച്ച മൂലം ഇക്കഴിഞ്ഞ രണ്ടിന് കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു.
ഇതോടെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. വൈദ്യുതി ബന്ധം നിലച്ചതിനാല്‍ രണ്ടു ദിവസമായി മിനിസിവില്‍ സ്റ്റേഷനകത്തുള്ള ബാത്തുറൂമുകളില്‍ വെള്ളമില്ലാത്തത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിലെ ലൈറ്റ് ഉള്‍പ്പെടെയുള്ള പൊതുവായ ലൈറ്റുകള്‍ പ്രകാശിക്കാതിരിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ജിയോളജി ആന്‍ഡ് മൈനിങ് ഓഫീസ്, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈ വിഭാഗം, ലാന്റ് ട്രിബ്യൂണല്‍ തുടങ്ങി പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളും നിരവധി ജീവനക്കാരും പ്രവര്‍ത്തിക്കുന്നതാണ് മഞ്ചേരി മിനിസിവില്‍ സ്റ്റേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."