മെഡിക്കല്‍ കോളജിന്റെ വികസനത്തിന് ജനകീയ സമിതി
കോഴിക്കോട്: മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ വീരേന്ദ്രകുമാര്‍ എ.പി ചെയര്‍മാനും എ പ്രദീപ്കുമാര്‍ എം.എല്‍.എ കണ്‍വീനറുമായി ജനകീയ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവര്‍ഷം കൊണ്ട് കോളജിനെ മികവിന്റെ കേന്ദ്രവും ജന സൗഹൃദ ആശുപത്രിയുമാക്കി മാറ്റും. അവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും കോളജിന്റെ പുരോഗതിക്കുമായി സ്വകാര്യ വ്യക്തികളില്‍ നിന്നും സഹായം സ്വീകരിക്കുമെന്നും ഇതിന് ജനകീയ സമിതി നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഡോക്ടര്‍മാരെ നിയമിക്കും.
അനസ്തേഷ്യാ ഡോക്ടര്‍മാരുടെ കുറവ് ഉടന്‍ പരിഹരിക്കും. കോളജില്‍ കൂടുതല്‍ മരുന്ന് എത്തിക്കാന്‍ സംവിധാനമുണ്ടാക്കും. മരുന്നിനായി രോഗികളെ പുറത്തേക്ക് അയക്കുന്നത് നിര്‍ത്താലാക്കും.
കോളജിന്റെ വികസനത്തിനായ പോരായ്മകള്‍ പരിഹരിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ നല്ല സൗകര്യമൊരുക്കും. ലേബര്‍ റൂം ആധുനിക സൗകര്യത്തോടെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."