കെ.സി ജോണ്‍ എന്ന 'ബക്രീദ് ബോയ് '
കെ.സി ജോണ്‍ മലയാളിയാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ബോംബെ ഫ്രീ പ്രസ് ജേണലില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുന്ന കാലം. വര്‍ഷം കൃത്യമായൊന്നും പറയാന്‍ കഴിയില്ല. 1948നും അന്‍പത്തിമൂന്നിനും ഇടയില്‍ എന്നൂഹിക്കാം.
ബോംബെ ഫ്രീ പ്രസ് ബ്യൂറോയില്‍ ഒരു ബക്രീദ് ദിവസം. തിരക്കൊന്നുമില്ല. രാവിലെ ജോണിനു ബ്യൂറോ ചീഫിന്റെ ഫോണ്‍സന്ദേശം-എനിക്കു വരാന്‍ പറ്റില്ല. പകലത്തെ പരിപാടികളൊക്കെ നോക്കണം- ജോണ്‍ ഏറ്റു. ബ്യൂറോയിലെ ഡ്യൂട്ടി രജിസ്റ്ററില്‍ അന്നു ബക്രീദ് നിസ്‌കാരം എന്നെഴുതിയതിനു നേരെ ജോണ്‍ തന്നെപ്പോലൊരു ജൂനിയര്‍ റിപ്പോര്‍ട്ടറായ രാധാകൃഷ്ണന്റെ പേരുചേര്‍ത്തു. രാധാകൃഷ്ണന്‍ പോയി, പിന്നെ വന്നു. എവിടെ ബക്രീദ് പ്രാര്‍ഥനയുടെ റിപ്പോര്‍ട്ട് എന്നു ചോദിച്ചപ്പോള്‍ താന്‍ മൈതാനത്തു പോയില്ല എന്നായിരുന്നു മറുപടി. എങ്കിലും സാരമില്ല, ഞാന്‍ എഴുതാം എന്നു പറഞ്ഞ് അയാള്‍ നിസ്‌കാരത്തിന്റെ വിവരണം എഴുതിക്കൊടുത്തു.
പില്‍ക്കാലത്ത് പ്രശസ്ത എഡിറ്റര്‍ ആയ എം.വി കാമത്ത് ആയിരുന്നു അന്നു ഡെസ്‌കിന്റെ ചുമതലക്കാരന്‍. ജോണിനോടു കാമത്ത് ആ റിപ്പോര്‍ട്ട് ഒന്നു പൊലിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ചെറിയ വിശദാംശങ്ങളൊക്കെ ഊഹിച്ചെഴുതി റിപ്പോര്‍ട്ട് മെച്ചപ്പെടുത്തി ജോണ്‍ തിരിച്ചേല്‍പ്പിച്ചു. അക്കാലത്തെന്നല്ല ഇക്കാലത്തും, സമയത്തിനു ഫോട്ടോ കിട്ടിയില്ലെങ്കില്‍ ഇത്തരം ചടങ്ങുകള്‍ക്കു ചിലപ്പോള്‍ കഴിഞ്ഞവര്‍ഷത്തെ ഫോട്ടോ തന്നെ കൊടുത്തെന്നിരിക്കും. ഒരാളുടെയും മുഖം അച്ചടിച്ചുവരുന്ന ചിത്രത്തില്‍ തിരിച്ചറിയില്ല. പിന്നെയെന്തു പ്രശ്‌നം! കാമത്ത് ധൈര്യമായി മുന്‍വര്‍ഷത്തെ നിസ്‌കാരത്തിന്റെ ഫോട്ടോ ചേര്‍ത്ത് റിപ്പോര്‍ട്ട് ഒന്നാം പേജില്‍ കൊടുത്ത് സംഭവം കലക്കി.
ഈദ് ആഘോഷം നടന്നിട്ടില്ല
പിറ്റേന്നു ഒരു പൊലിസ് ഓഫിസര്‍ പാഞ്ഞുവന്ന് എഡിറ്റര്‍ ആരാണ്, എനിക്കുടനെ കാണണം എന്നാവശ്യപ്പെട്ടു. എഡിറ്റര്‍ എത്തിയിരുന്നില്ല. അധികാരമുള്ള ആരെയെങ്കിലും കണ്ടാല്‍ മതിയെന്നായി പൊലിസ്. ഓഫിസര്‍ ക്ഷുഭിതനാണ്. സംഭവം ഇതാണ്. മാസപ്പിറവി കാണാത്തതുകൊണ്ട് ഈദ് ആഘോഷം നടന്നിട്ടില്ല. ഉടനെ തെറ്റുതിരുത്തിയ പത്രം ഇറക്കണം. ബാന്ദ്ര പൊലിസ് സ്റ്റേഷന്‍ വളഞ്ഞിരിക്കുകയാണ് മുസ്‌ലിംകള്‍. അവര്‍ രോഷാകുലരാണ്. എല്ലാം ശരിയാക്കാം എന്നു ഉറപ്പുകൊടുത്ത് ഒരുവിധം പൊലിസ് ഉദ്യോഗസ്ഥനെ പറഞ്ഞയച്ചു.
രാവിലെ എഡിറ്റര്‍ വന്നാല്‍ തന്നെ നിര്‍ത്തിപ്പൊരിക്കുമെന്നറിയുന്നതുകൊണ്ട് അതും കാത്തിരിപ്പായി ജോണ്‍. മിക്കവാറും പണി പോകും. പിരിച്ചുവിടുക എഡിറ്ററുടെ ഒരു വിനോദമാണ്. ഇടക്കിടെ ആരെയെങ്കിലും പിരിച്ചുവിടും. എഡിറ്റര്‍ വന്നു ജോണിനെ മുറിയിലേക്കു വിളിച്ചു. ജോണ്‍ ഉത്തരവാദിത്തം സ്വയം ഏറ്റു. എഡിറ്റര്‍ കുറേ ഉപദേശിച്ചു. പ്രാര്‍ഥനയായാലും യോഗമായാലും സംഭവസ്ഥലത്തു നിര്‍ബന്ധമായും പോകണം. ഇല്ലെങ്കിലുള്ള പ്രശ്‌നമാണിത്. റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള താങ്കളുടെ വീഴ്ച. എനിക്കു പൊറുക്കാനാവുമോ? പൊറുക്കാവുന്നതല്ല എന്നു ജോണും സമ്മതിച്ചു. ഉടനെ എഡിറ്റര്‍- ശരി, അതുകൊണ്ടു താങ്കളെ പിരിച്ചുവിട്ടിരിക്കുന്നു.
ജോണ്‍ എഴുന്നേറ്റു. എഡിറ്റര്‍ കസേരയില്‍ ചാഞ്ഞിരിപ്പാണ്. കുറച്ചുനേരം നോക്കിയിരുന്ന എഡിറ്ററുടെ അടുത്ത വാചകം- തന്നെ തിരിച്ചെടുത്തിരിക്കുന്നു! പുറത്ത് ആകാംക്ഷയോടെ കാത്തുനിന്ന പത്രാധിപസമിതി അംഗങ്ങളെല്ലാം സംഭവം അറിഞ്ഞു പൊട്ടിച്ചിരിച്ചു. എങ്കിലും എല്ലാവരും ആ പാഠം പഠിച്ചു. നേരില്‍ കാണാതെ കേട്ടുകേള്‍വി വച്ച് ഒന്നും എഴുതരുത്.
ഈ സംഭവത്തോടെ ജോണിനു എഡിറ്റര്‍ ഒരു പേരിട്ടു- ദ ബക്രീദ് ബോയ്. ബോംബെ വിടുംവരെ അതായിരുന്നു പേര്! ബിയോണ്ട് ദ ഡെഡ്‌ലൈന്‍ എന്ന ആത്മകഥയില്‍ ജോണ്‍ ഇതു വിവരിക്കുന്നുണ്ട്.
കിങ്‌മേക്കര്‍മാര്‍
മാങ്ങാനം ചന്ത്രപ്പള്ളി തറവാട്ടില്‍ റവ. സി. ജോണിന്റെ മകന്‍ കെ.സി ജോണ്‍ ആലപ്പുഴ യു.സി കോളജില്‍നിന്നു ബിരുദപഠനം കഴിഞ്ഞ് മദ്രാസിലും പിന്നെ ബോംബെയില്‍ ചെറിയ ജോലികള്‍ കണ്ടെത്തി ജീവിച്ചുകൊണ്ടിരിക്കെ ആണ് കെ.എം മുന്‍ഷിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ എന്ന പ്രസിദ്ധീകരണത്തില്‍ എഡിറ്ററായ സഹോദരന്‍ ജോസഫ് ജോണിന്റെ ഉപദേശത്തിനു വഴങ്ങി ലേഖനങ്ങള്‍ എഴുതിയത്. അതൊരു തുടക്കമായിരുന്നു. ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ സ്ഥാനമുള്ള എം.എന്‍ റോയിയുടെ സ്വാധീനത്തില്‍പ്പെട്ട് ജോണ്‍ റോയിസ്റ്റും റോയിയുടെ വാന്‍ഗാര്‍ഡ് പത്രത്തിന്റെയും ലേഖകനുമായി. ആവേശംമൂത്ത് റോഡില്‍ പത്രവില്‍പ്പനയ്ക്കും സന്നദ്ധനായി ജോണ്‍.
വൈകാതെ, ബോംബെയില്‍ പത്രപ്രവര്‍ത്തന താല്‍പ്പര്യത്തോടെ എത്തുന്ന എല്ലാവര്‍ക്കും ആശ്രയമാകുന്ന ഫ്രീ പ്രസ് ജേണലില്‍ ജോണും എത്തി. നാലഞ്ചു വര്‍ഷം അവിടെ. പിന്നെ ടൈംസ് ഓഫ് ഇന്ത്യ ലേഖകനായി തിരുവനന്തപുരത്ത്. 1984ല്‍ വിരമിക്കുന്നതുവരെ മൂന്നു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിന്റെ സര്‍വചലനങ്ങള്‍ക്കും ദൃക്‌സാക്ഷിയായി. അതിന്റെ വിവരണമായി മൂന്നു പുസ്തകങ്ങള്‍ അദ്ദേഹമെഴുതി-ബിയോണ്ട് ദ ഡെഡ്‌ലൈന്‍, കേരള രാഷ്ട്രീയം ഒരു അസംബന്ധനാടകം, ദി മെല്‍ട്ടിങ് പോട്ട്.
എല്ലാ നേതാക്കളുമായും സുഹൃത്തുക്കളോടെന്ന പോലെയുള്ള ബന്ധം അന്നത്തെ ലേഖകന്മാര്‍ക്കുണ്ടായത് സ്വാഭാവികം മാത്രമായിരുന്നു. കാരണം അത്ര കുറച്ചേ പത്രങ്ങളുള്ളൂ, ലേഖകരും. ഇന്നത്തെപ്പോലെ, ലേഖകന്മാര്‍ നിസ്സംഗതയോടെ മാറിനിന്ന് തൊഴില്‍ ചെയ്യുന്ന അവസ്ഥയല്ല (ഇന്നും പലരും അങ്ങനെയല്ല) അന്നുണ്ടായിരുന്നത്. പലരും രാഷ്ട്രീയത്തിലെ കിങ്‌മേക്കര്‍മാര്‍ കൂടിയായിരുന്നു. നേതാക്കളുടെ ആലോചനകളിലും ചിലപ്പോഴെല്ലാം ഗൂഢാലോചനകളിലും ലേഖകരും പങ്കാളികളായി.
കെ.സി ജോണും അതില്‍ ആദ്യകാലത്തെങ്കിലും പങ്കാളിയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ തന്റെ പങ്ക് അദ്ദേഹം മറച്ചുവയ്ക്കുകയുണ്ടായില്ല. കരുത്തനായ ആഭ്യന്തര മന്ത്രിയായിരുന്നു പി.ടി ചാക്കോ. പീച്ചിയില്‍ നിന്നു സ്വയം കാറോടിച്ചുവരുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടം അദ്ദേഹത്തിന്റെ രാഷ്ട്രീയമായ തകര്‍ച്ചക്കു കാരണമായി. അപകടം ചെറുതായിരുന്നെങ്കിലും അദ്ദേഹം കാര്‍ നിര്‍ത്താതെ പോയി അടുത്ത പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ഡ്രൈവര്‍ എന്ന നിലയില്‍ തന്റെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും നാട്ടില്‍ പല കഥകളും പ്രചരിച്ചു. കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. അതാരായിരുന്നു എന്നതും എന്തായിരുന്നു ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്നതുമെല്ലാം കഥകളായി പരന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസുകാര്‍ പതിവുരീതിയില്‍ ഗ്രൂപ്പുതിരിഞ്ഞു കലഹിക്കുകയും പല ഉപജാപങ്ങളിലൂടെ ചാക്കോയെ രാജിവയ്പ്പിക്കുകയും ചെയ്തത് ചരിത്രം.
കെ.സി ജോണ്‍ പി.ടി ചാക്കോയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. പീച്ചി സംഭവം സംബന്ധിച്ച് ജോണിനു വലിയ കുറ്റബോധവും ഉണ്ടായി. പി.ടി ചാക്കോയ്ക്കു ഒപ്പം ജോണും മറ്റൊരു പത്രപ്രവര്‍ത്തകനായ കെ.സി സെബാസ്റ്റ്യനും പോകാമെന്നുറച്ചതായിരുന്നു. സെബാസ്റ്റ്യനു പനി പിടിച്ചതുകൊണ്ട് അവര്‍ പോയില്ല. തങ്ങള്‍ കൂടെയുണ്ടായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ എന്നായിരുന്നു അവരുടെ സങ്കടം. എന്തായാലും വിവാദവും രാജിയും നടന്ന് അധികം കഴിയുംമുന്‍പ് പെട്ടന്നൊരു ദിവസം പി.ടി ചാക്കോ ഹൃദയാഘാതം മൂലം അന്തരിച്ചതോടെ അനുയായികള്‍ നിരാശയുടെയും ക്ഷോഭത്തിന്റെയും പ്രതികാരത്തിന്റെയും തീയില്‍ വെന്തു.
മന്ത്രിസഭ തകര്‍ന്നു
പ്രതിപക്ഷം കിട്ടിയ സന്ദര്‍ഭം വിനിയോഗിച്ചു. ശങ്കര്‍ മന്ത്രിസഭക്കെതിരേ അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭ തകര്‍ന്നു. വിമതന്മാര്‍ക്കു പുറത്തുപോയി പാര്‍ട്ടി രൂപീകരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ഇതില്‍ ജോണും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട, ജോണ്‍തന്നെ എഴുതിയ ഒരു കാര്യം ഈ ബന്ധത്തിന്റെ വലുപ്പം തെളിയിക്കും. കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിനു തൊട്ടുമുന്‍പ് സമ്മേളന നഗരിയിലെത്തി ജോണ്‍. രാഷ്ട്രീയ പ്രമേയം മുന്‍കൂട്ടി ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോഴാണ് നേതാക്കള്‍ ഓര്‍ത്തത് പ്രമേയം എഴുതാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ജോണേ.. ഒരു പ്രമേയം എഴുതിത്തരുമോ എന്നു പ്രസിഡന്റ് കെ.എം ജോര്‍ജ് ചോദിച്ചപ്പോള്‍ അത് ഏല്‍ക്കാന്‍ ജോണ്‍ മടിച്ചില്ല. അദ്ദേഹം അപ്പോള്‍ എഴുതിത്തയാറാക്കിയ പ്രമേയമാണ് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ ആദ്യസമ്മേളനത്തിലെ രാഷ്ട്രീയപ്രമേയം!
വാര്‍ത്താ സോഴ്‌സുകളുമായുള്ള അടുത്ത ബന്ധം കാരണം ജോണിനു എല്ലാ കാലത്തും സ്‌കൂപ്പ് വാര്‍ത്തകള്‍ ധാരാളം എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. അതിലൊരു വാര്‍ത്ത തനിക്കു സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെപോയതിന്റെ സങ്കടം അദ്ദേഹം എല്ലായ്‌പ്പോഴും പറയാറുണ്ട്, എഴുതിയിട്ടുമുണ്ട്. വിമോചനസമരത്തിനും പിരിച്ചുവിടലിനും ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്, പി.എസ്.പി, ലീഗ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി പി.എസ്.പി നേതാവ് പട്ടം താണുപിള്ളയായിരുന്നല്ലോ. പിള്ളയുമായും വളരെ അടുത്ത ബന്ധം ജോണിനുണ്ടായിരുന്നു.
പിള്ളയുടെ പാര്‍ട്ടി ചെറുതെങ്കിലും പിള്ള വലുതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടിവന്നത്. പക്ഷേ, അത് അധികം വാണില്ല. കോണ്‍ഗ്രസുകാര്‍ കേന്ദ്രനേതൃത്വവുമായി കൂട്ടുചേര്‍ന്ന് പട്ടത്തെ ഗവര്‍ണറാക്കി പറഞ്ഞയക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിസ്ഥാനം എന്തായാലും ഒഴിയണം, പകരം ഗവര്‍ണര്‍ സ്ഥാനം തരാം എന്ന ഓഫറില്‍ പട്ടം വീഴുകയാണുണ്ടായത്. വിവരം അറിഞ്ഞ ഒരേയൊരു ലേഖകന്‍ ജോണ്‍ ആയിരുന്നു. എന്തു പ്രയോജനം? ജോണിന്റെ പത്രത്തില്‍ സമരമാണ്. വിവരം അദ്ദേഹം കെ.സി സെബാസ്റ്റ്യനു കൈമാറി. ദീപികയില്‍ വാര്‍ത്ത അടിച്ചുവന്നു. സെബാസ്റ്റ്യനും ഒരു കേരളാ കോണ്‍ഗ്രസ് സഹയാത്രികന്‍ ആയിരുന്നു. പിന്നീട് അദ്ദേഹം രാജ്യസഭാംഗം ആയി. എം.പി സ്ഥാനത്തേക്കാള്‍ വലിയ സ്ഥാനമാണ് പത്രപ്രവര്‍ത്തകന്റേത്- ജോണ്‍ ഇതിനെക്കുറിച്ച് പത്രപ്രവര്‍ത്തകനായ മുരളിയോടു പറയുകയുണ്ടായി. (പത്രപ്രവര്‍ത്തനം; കഥയും പൊരുളും).
ടൈംസ് ഓഫ് ഇന്ത്യയില്‍നിന്നു വിരമിച്ച ശേഷം അദ്ദേഹം കുറച്ചുകാലം ഹൈദരാബാദ് പത്രമായ ന്യൂസ് ടൈമിന്റെ കേരളാ ബ്യൂറോ തലവനായും പ്രവര്‍ത്തിച്ചു. 2005 ഡിസംബര്‍ ഒന്നിനു ജോണ്‍ അന്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."