മണി എക്‌സ്‌ചേഞ്ചുകളില്‍ നോട്ടുകള്‍ കെട്ടിക്കിടക്കുന്നു
ജിദ്ദ:അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നേരത്തെ ശേഖരിച്ച നോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം. ഗള്‍ഫിലുള്ള മണി എക്‌സ്‌ചേഞ്ചുകളില്‍ കോടിക്കണക്കിന് ഇന്ത്യന്‍ രൂപയുടെ അസാധുവായ നോട്ടുകളാണ് കെട്ടിക്കിടക്കുന്നത്.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് സ്ഥാപനങ്ങള്‍.
മണി എക്‌സ്‌ചേഞ്ചുകള്‍ നേരിടുന്ന പ്രതിസന്ധി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ധന മന്ത്രാലയത്തെയും ഇന്ത്യന്‍ അംബാസിഡമാര്‍ മുഖേന അറിയിച്ചിരിക്കുകയാണ്. വിഷയം ഗൗരവത്തിലെടുത്തതായും പകരം സംവിധാനം ഉടന്‍ രൂപപ്പെടുത്തുമെന്നും മന്ത്രാലയങ്ങള്‍ ഉറപ്പു നല്‍കിയതായാണ് അംബാസിഡമാര്‍ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, കാലതാമസം നേരിടുന്ന പക്ഷം മറ്റു ഇടപാടുകളെ സാരമായി ബാധിക്കും. ഇതു കണക്കിലെടുത്തു നാട്ടില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ മൂല്യത്തില്‍ ഇന്ത്യന്‍ രൂപ നല്‍കാന്‍ ചില സ്ഥാപനങ്ങള്‍ പദ്ധതികളും ആലോചിച്ചു വരുന്നുണ്ട്.
അതേ സമയം ഗള്‍ഫിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിനിമയ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ രൂപ ലഭ്യമല്ലാതാവും. ഇത്രയേറെ നഷ്ടമുണ്ടാക്കിയ ഇന്ത്യന്‍ കറന്‍സി ഇടപാട് തുടരേണ്ടെന്നാണ് പലരുടെയും നിലപാട്.
ഇതോടെ വിമാനത്താവളത്തില്‍ ഡ്യൂട്ടി അടക്കാനും വീട്ടിലേക്കെത്താനും കറന്‍സികള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുപോവുന്ന രീതിയും അവസാനിക്കും. ഇനി ഇത്തരം ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ രൂപ മാറിയെടുക്കേണ്ടിവരും. എന്നാല്‍ ഗള്‍ഫ് നാടുകളേക്കാള്‍ കുറഞ്ഞ വിനിമയ നിരക്കാണ് പ്രവാസികള്‍ക്ക് ലഭിക്കുക.
കറന്‍സികള്‍ അതതു രാജ്യത്തുനിന്നു വാങ്ങാനും അവിടെ തന്നെ വില്‍ക്കാനും മാത്രമാണു മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതിയുള്ളത്. അതിനാല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിവരെ വാങ്ങിയ രൂപ കൈമാറ്റം ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോള്‍.
അതേ സമയം അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ യു.എ.ഇ എക്‌സേഞ്ചിന്റെ ഒരു ശാഖയിലും സ്വീകരിക്കില്ലെന്ന് കമ്പനി സി.ഇ.ഒ അറിയിച്ചു. ഈ നോട്ടുകള്‍ യു.എ.ഇ എക്‌സേഞ്ച് സ്വീകരിക്കുമെന്ന രീതിയിലുള്ള സന്ദേശം പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."