പെട്രോള്‍ ബോംബുമായി ബി.ജെ.പി അനുഭാവികള്‍ പിടിയില്‍
പാലക്കാട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തുനിന്നും രണ്ടു പേരെ പെട്രോള്‍ ബോംബുമായി ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. വടക്കന്തറ കോഴിപ്പറമ്പ് രാജേഷ്(25), വടക്കന്തറ മനക്കത്തൊടി റോഷന്(23) എന്നിവരാണ് പിടിയിലായത്. ഇവര്‍ ബി.ജെ.പി അനുഭാവികളാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബൈക്കില്‍ പെട്രോള്‍ ബോംബുമായി സഞ്ചരിച്ച ഇവരെ പിടികൂടിയതെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ എട്ടിന് രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നിരുന്നു. അതിനുശേഷം ടൗണില്‍ പൊലിസ് പട്രോളിങ് ശക്തമാക്കിയിരുന്നു. പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ടൗണ്‍ നോര്‍ത്ത് നൈറ്റ് പട്രോളിങ് സംഘമാണ് തടഞ്ഞു നിര്‍ത്തി ചോദ്യംചെയ്തത്. ഇവരുടെ പക്കല്‍ ബിയര്‍കുപ്പിയില്‍ പെട്രോള്‍ നിറച്ചത് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയായിരുന്നു.
എട്ടിന് കാറില്‍ എത്തിയ യുവാക്കളാണ് സി.പി.എം ഓഫിസിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. പിടിയിലായവര്‍ക്ക് അന്നത്തെ സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. റോഷന്റെ പേരില്‍ മുമ്പും നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ കേസുകളുണ്ട്.
ജില്ലാ പൊലിസ് മേധാവി എ. ശ്രീനിവാസ് സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു.
എസ്.ഐമാരായ പുരുഷോത്തമന്‍പിള്ള, ജയദേവന്, സി.പി.ഒമാരായ സത്യനാരായണന്, ശിവാനന്ദന് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."