വജ്ര ജൂബിലി നിറവില്‍ തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി
കാവുംമന്ദം: ഒരുനാടിന് അക്ഷര വെളിച്ചം പകര്‍ന്നുകൊണ്ട് അറുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. മലബാറിലെ പുരാതന ഗ്രാമങ്ങളിലൊന്നായ തരിയോട് പ്രദേശത്ത് 1957ലാണ് ഈ സ്‌കൂള്‍ സ്ഥാപിതമാകുന്നത്.
1925ല്‍ കാവുംമന്ദത്തിനടുത്ത് കണാഞ്ചേരി എന്ന സ്ഥലത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ആരംഭിച്ച എല്‍.പി സ്‌കൂള്‍ 1951ല്‍ യു.പി സ്‌കൂളായും 1957ല്‍ ഹൈസ്‌കൂളായും 1990ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായും ഉയര്‍ത്തി.
പ്രദേശത്തെ പൗരപ്രമുഖരുടെയും പൊതുപ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ കേരോട്ട്കുന്ന് എന്ന സ്ഥലത്ത് അഞ്ച് ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങി ഗവണ്‍മെന്റിനെ ഏല്‍പ്പിച്ച് കൊടുത്തതിനെ തുടര്‍ന്ന് 1971ല്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് സ്‌കൂളിനെ മാറ്റിയത്.
1957ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും 1968 മുതലാണ് ഇവിടെ ആദ്യമായി എസ്.എസ്.എല്‍.സി പരീക്ഷാ കേന്ദ്രം ആരംഭിച്ചത്. അതുവരെ കല്‍പ്പറ്റ എസ്. കെ.എം.ജെ ഹൈസ്‌കൂളിലായിരുന്നു ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
ഇന്ന് അഞ്ചു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലായി ആയിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ഇതില്‍ പകുതിയോളം ആദിവാസി വിദ്യാര്‍ഥികളാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പഠന രംഗത്തും കലാകായിക രംഗങ്ങളിലും പഠനേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.
ഈ അറുപത് വര്‍ഷക്കാലങ്ങള്‍ക്കിടയില്‍ സ്‌കൂളില്‍ നിന്നും വിദ്യനേടിയ ഒട്ടേറെ പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത പദവികളിലടക്കം തൊഴില്‍ ചെയ്യുന്നുണ്ട്. സ്‌കൂള്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കുകയാണ് ഈമാസം 7ന്.
അതോടൊപ്പം തന്നെ അക്കാലം മുതലുള്ള പൂര്‍വ അധ്യാപക സംഗമവും ഇതോടൊപ്പം നടക്കും. അന്നത്തെ ക്ലാസ്മുറിയും ആദ്യ സൗഹൃദം പങ്കുവെച്ച സഹപാഠികളെയും മനസ്സിലെ ഇരുട്ടകറ്റിയ ഗുരുനാഥന്‍മാരെയും ഒരു വട്ടം കൂടി കാണാന്‍ അവസരമൊരുക്കി കാത്തിരിക്കുകയാണ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും പി.ടി.എയുമടങ്ങുന്ന സ്‌കൂള്‍ വജ്രജൂബിലി ആഘോഷക്കമ്മിറ്റിയുടെ സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."