പാര്‍ട്ടി സമ്മേളനത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവ് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു കൈയിട്ടു വാരി മുഖ്യമന്ത്രിയുടെ ആകാശ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 26നാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്കു പറന്നത്. തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് പറന്നു. കഴിഞ്ഞ 28ന് സുപ്രഭാതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു
യാത്ര ചെലവ് വക മാറ്റി നല്‍കിയ വാര്‍ത്ത വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തലയൂരി. പണം വകമാറ്റിയത് അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
ബംഗലൂരു ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13,09,800 രൂപയുടെ ബില്‍ സംസ്ഥാന പൊലിസ് മേധാവിയ്ക്കാണ് നല്‍കിയത്. ഡി.ജി.പിയുടെ ലെറ്ററിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പില്‍ നിന്ന് അനുവദിക്കുകയായിരുന്നു.
ഓഖി: കേന്ദ്ര സംഘത്തെ കാണാനായിരുന്നോ യാത്ര?
കഴിഞ്ഞ ആറിനാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അന്നേദിവസം കേന്ദ്ര സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നില്ല.
[caption id="attachment_473613" align="aligncenter" width="630"] ഡിസംബര്‍ 28ന് സുപ്രഭാതം നല്‍കിയ റിപ്പോര്‍ട്ട്[/caption]
മുഖ്യമന്ത്രി പറന്നെത്തിയ യോഗത്തിന് എല്ലാ മന്ത്രിമാരും എത്തിയില്ല
സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം കൂടുക. വളരെ അത്യാവശ്യമാണെങ്കില്‍ നേരത്തെ കൂടും. എന്നാല്‍ ഈ മന്ത്രിസഭാ യോഗം നേരത്തെ കൂടേണ്ട ആവശ്യവും ഇല്ലായിരുന്നു. പ്രധാനമായും പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചതും നിലവിലത്തെ ചീഫ് സെക്രട്ടറിയ്ക്ക് പുതിയ പദവി നല്‍കാനും നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനുമായിരുന്നു. ചീഫ് സെക്രട്ടറി 30നുമാത്രമേ വിരമിക്കുകയുള്ളൂ. അടുത്ത നിയമസഭാ സമ്മേളനം തീയതി നിശ്ചയിക്കാത്തതിനാല്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കാന്‍ വേണ്ടിയും മന്ത്രിസഭാ യോഗം ഇത്ര ധൃതിയില്‍ കൂടേണ്ടതില്ല.മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നെത്തി മന്ത്രിസഭായോഗം നടത്തിയെങ്കിലും പല മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
[caption id="attachment_473614" align="aligncenter" width="630"] ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്[/caption]സര്‍ക്കാര്‍ പരിപാടിയായിരുന്നെങ്കില്‍ അതിനുള്ള പണം പൊതു ഭരണ വകുപ്പില്‍ നിന്നാണ് നല്‍കേണ്ടത്. എന്നാല്‍ തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ലാത്തതിനാല്‍ ചിലവ് പൊതുഭരണ വകുപ്പ് നല്‍കിയാല്‍ തന്നെ അതു പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചത്.
ചാര്‍ട്ടേഡ് വിമാനത്തിന്റെ ചെലവോ?
കഴിഞ്ഞ നവംബര്‍ 6ന് മധുരയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്. സംസ്ഥാന പൊലിസ് ആസ്ഥാനത്തു നിന്നാണ് വിമാനം ബുക്ക് ചെയ്തത്. ഇതിന്റെ വാടക ഏത് കണക്കില്‍ പെടുത്തിയാണ് കൊടുത്തതെന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."