മന്‍സൂര്‍ അലി വധം: മന്ത്രവാദം ചെയ്ത സ്വാമിയെ കണ്ടെത്തി
കാസര്‍കോട്: തളങ്കര സ്വദേശിയും സ്വര്‍ണ വ്യാപാരിയുമായിരുന്ന മന്‍സൂര്‍ അലിയെ കൊന്ന് 2,60,000 രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അബ്ദുല്‍ സലാം മന്ത്രവാദത്തിനായി 44,000 രൂപ നല്‍കിയ കൈനോട്ടക്കാരനായ സ്വാമിയെ പൊലിസ് കണ്ടെത്തി.
മടിക്കേരിയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ശ്രീരാംപുര ദൊഡ്ഡമഗെയില്‍ നിന്നാണ് പൊലിസ് സ്വാമിയെ പിടികൂടിയത്. ആന്ധ്രാ സ്വദേശിയായ രംഗണ്ണയാണ് കൊലപാതക ശേഷം പ്രതികളെ പിടികൂടാതിരിക്കാന്‍ മന്ത്രവാദ പൂജകള്‍ ചെയ്തത്. കൊല്ലപ്പെട്ട മന്‍സൂര്‍ അലിയുടെ ഒരു മൊബൈല്‍ ഫോണും 44,000 രൂപയും സ്വാമിക്ക് പൂജ നടത്താനായി നല്‍കിയെന്നാണ് സലാം പൊലിസിന് മൊഴി നല്‍കിയത്.
കേസിലെ നിര്‍ണായക സാക്ഷിയായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മൊബൈല്‍ തനിക്ക് ലഭിച്ചില്ലെന്നു സ്വാമി പൊലിസിനോട് പറഞ്ഞു.
മന്‍സൂര്‍ അലിയുടെ ബാഗ് കണ്ടെത്തി
കാസര്‍കോട്: കൊല്ലപ്പെട്ട മന്‍സൂര്‍ അലിയുടെ ബാഗ് ബായാര്‍ മുളിഗദ്ദെക്ക് സമീപം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
സ്വര്‍ണം തൂക്കാനുള്ള ഡിജിറ്റല്‍ ത്രാസ്, സ്വര്‍ണാഭരണങ്ങള്‍ മുറിച്ച് പരിശോധിക്കാനുള്ള കട്ടിങ്‌പ്ലെയര്‍, സ്വര്‍ണം തൂക്കുമ്പോള്‍ ഡിജിറ്റല്‍ ത്രാസിന് മുകളില്‍ വെക്കുന്ന പാത്രം, കാല്‍ക്കുലേറ്റര്‍ എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. പണം ബാഗില്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രതികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്.
സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ ഇത്രയും സാധനങ്ങള്‍ സാധാരണ കരുതാറുണ്ടത്രെ. കൊല്ലപ്പെടുമ്പോള്‍ മാരുതി ഓംനി വാനില്‍ വീണ ബാഗില്‍ പണമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രതികള്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊലിസ് കസ്റ്റഡിയിലായ രണ്ടാം പ്രതി സലാമിനെ ചോദ്യം ചെയ്തതിലൂടെയാണ് ബാഗ് ഉപേക്ഷിച്ച സ്ഥലം കണ്ടെത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."